കടുത്തുരുത്തി താഴത്തുപള്ളിയില്‍ പട്ടണപ്രദക്ഷിണം ഭക്തിസാന്ദ്രമായി
1496409
Saturday, January 18, 2025 11:53 PM IST
കടുത്തുരുത്തി: നഗരവീഥികളെ ആത്മീയ ഉന്നതിയിലേക്ക് ഉയര്‍ത്തി പട്ടണപ്രദക്ഷിണം. സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശന തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാത്രിയില്‍ നടന്ന പ്രദക്ഷിണത്തില്‍ നാടും നഗരവും ഭക്തിസാന്ദ്രമായി. കത്തിച്ചുപിടിച്ച മെഴുകുതിരുകളുമായി സ്ഥാനവസ്ത്രങ്ങളണിഞ്ഞ ദര്‍ശന സമൂഹം പട്ടണപ്രദക്ഷിണത്തില്‍ പങ്കെടുത്തു.
പഴയപള്ളി ചുറ്റിയെത്തിയ ആദ്യ പ്രദക്ഷിണവും സപ്ലൈകോ വഴി മാര്‍ക്കറ്റ് ജംഗ്ഷനിലെ കുരിശുപള്ളി ചുറ്റിയെത്തിയ രണ്ടാമത്തെ പ്രദക്ഷിണവും ടൗണിലെത്തി, കടവ് കുരിശടിയില്‍ കുരിശുവന്ദനം നടത്തിയ ശേഷം ടൗണിലെ കുരിശുപള്ളിയിലെത്തി തുടര്‍ന്ന് കുരിശുപള്ളിയില്‍ റവ.ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ തിരുനാള്‍ സന്ദേശം നല്കി. തുടര്‍ന്ന് പ്രദക്ഷിണം ഒന്നായി പള്ളി റോഡിലൂടെ പുതിയപള്ളിയില്‍ സമാപിച്ചു.
ഇന്ന് പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന, 9.30ന് തിരുനാള്‍ റാസ - ഫാ.അഗസ്റ്റിന് കണ്ടത്തികുടിലില്‍ കാര്‍മികത്വം വഹിക്കും. റവ.ഡോ. ജേക്കബ് താന്നിക്കാപ്പാറ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം നടക്കും.
വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന - ഫാ. മാത്യു കുരിശുംമൂട്ടില്‍, ആറിന് താഴത്തുപള്ളിയില്‍ ദര്‍ശന തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക പ്രാര്‍ഥനയായ സ്ലീവാവന്ദനവും റംശാ പ്രാര്‍ഥനയും ആരംഭിക്കും.
തിരുക്കര്‍മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്ന ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിൽ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ സ്മരണികയുടെ സമര്‍പ്പണവും ആര്‍ച്ച്ബിഷപ് നിര്‍വഹിക്കും. 7.30ന് മെഗാഷോ.