അതിരന്പുഴയ്ക്ക് ഇനി തിരുനാൾ ദിനങ്ങൾ
1496633
Sunday, January 19, 2025 8:06 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. ഇനി പതിനാലു നാൾ അതിരമ്പുഴയ്ക്ക് ആഘോഷം.
പള്ളിയിൽ ആത്മീയ ശുശ്രൂഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ പറഞ്ഞു. മധ്യസ്ഥ പ്രാർഥന ആരംഭിച്ചതുമുതൽ എട്ടാമിടംവരെ വലിയപള്ളിയിലും ചെറിയപള്ളിയിലുമായി നൂറോളം വിശുദ്ധ കുർബാനകളർപ്പിക്കപ്പെടും. നാലു മെത്രാന്മാർ വിശുദ്ധ കുർബാനയർപ്പിക്കും.
ഇന്ന് കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് കഴുന്നു പ്രദക്ഷിണം
ഇന്ന് വൈകുന്നേരം വേദഗിരി കോട്ടയം ടെക്സ്റ്റൈൽസിൽനിന്നുള്ള കഴുന്നു പ്രദക്ഷിണം നടക്കും. വൈകുന്നേരം ആറിന് ആരംഭിക്കുന്ന കഴുന്നു പ്രദക്ഷിണം രാത്രി 8.30ന് വലിയപള്ളിയിലെത്തി സമാപിക്കും. അതിരമ്പുഴ തിരുനാളിന്റെ ആദ്യ കഴുന്നു പ്രദക്ഷിണം കോട്ടയം ടെക്സ്റ്റൈൽസിൽനിന്ന് എന്നതാണ് പതിവ്. കഴിഞ്ഞ 53 വർഷമായി തുടരുന്ന ഈ പതിവിന് ഇത്തവണയും മാറ്റമില്ല.
തിരുസ്വരൂപ പ്രതിഷ്ഠയും പ്രദക്ഷിണവും നാളെ
വിശുദ്ധ സെബസ്ത്യാനോസിന്റെ പ്രശസ്തമായ തിരുസ്വരൂപം നാളെ പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 7.30ന് വലിയപള്ളിയുടെ മദ്ബഹയിൽനിന്ന് തിരുസ്വരൂപം പുറത്തെടുത്ത് പരമ്പരാഗത ആഭരണങ്ങൾ ചാർത്തും. തുടർന്ന് തിരുസ്വരൂപം ആഘോഷപൂർവം സംവഹിച്ച് മോണ്ടളത്തിൽ സ്ഥാപിച്ചിട്ടുള്ള രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കും.7.45ന് തിരുസ്വരൂപവും വഹിച്ചുകൊണ്ട് ചെറിയപള്ളിയിലേക്ക് പ്രദക്ഷിണം. 8.45ന് തിരുസ്വരൂപം ചെറിയപള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് രാത്രി 8.30 വരെ തിരുസ്വരൂപം ചെറിയപള്ളിയിലായിരിക്കും. ഈ ദിവസങ്ങളിലെ തിരുക്കർമങ്ങൾ ചെറിയ പള്ളിയിൽ നടക്കും.
ദേശക്കഴുന്ന് നാളെ മുതൽ
നാടിന്റെ ആത്മീയോത്സവമായ ദേശക്കഴുന്ന് നാളെ ആരംഭിച്ച് 23ന് സമാപിക്കും. ഇടവകയെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലുദേശങ്ങളായി തിരിച്ച് നാലു ദിവസങ്ങളിലായാണ് ദേശക്കഴുന്ന് നടത്തുന്നത്. വൈകുന്നേരം ആറിന് വിവിധ ഭാഗങ്ങളിൽനിന്ന് ആരംഭിക്കുന്ന ചെറുപ്രദക്ഷിണങ്ങൾ സംഗമിച്ച് നാനാജാതി മതസ്ഥരുടെ മഹാസംഗമമായി ദേശക്കഴുന്ന് രാത്രി ഒമ്പതിന് ചെറിയപള്ളിയിൽ എത്തി സമാപിക്കും.
കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിംതൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ, പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി. ജോസ് പ്ലാമൂട്ടിൽ, വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകും.
പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും ഇന്ന്
ഇന്ന് വൈകുന്നേരം നാലിന് പ്രസുദേന്തി വാഴ്ചയും പ്രസുദേന്തി നിയോഗത്തിലുള്ള വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് വലിയപള്ളി ചുറ്റി പ്രസുദേന്തിമാരുടെ പ്രദക്ഷിണമുണ്ടാകും.