വീടിനു തീപിടിച്ചു വയോധിക തീപൊള്ളലേറ്റ് മരിച്ചു
1496380
Saturday, January 18, 2025 10:58 PM IST
വെെക്കം: വീടിനു തീപിടിച്ചു തനിച്ചു താമസിച്ചിരുന്ന മൂകയും ബധിരയുമായ വയോധിക പൊള്ളലേറ്റ് മരിച്ചു. വെച്ചൂർ ഇടയാഴം കൊല്ലംന്താനം മേരി (79) യാണ് മരിച്ചത്. സംസ്കാരം നടത്തി.
വെള്ളിയാഴ്ച രാത്രി 10.30 നാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്നു അയൽവാസികളും വാർഡ് മെമ്പർ എൻ. സഞ്ജയന്റെയും നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരം പോലീസിലും ഫയർ ഫോഴ്സിലും അറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും മേരിയുടെ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയായിരുന്നു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി വീടിനുള്ളിൽ കാഡ് ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക്, കടലാസ്, ചപ്പുചവറുകൾ, തേങ്ങകൾ തുടങ്ങിയവ വീടിനുള്ളിൽ കൂട്ടിയിട്ടിരുന്നതിനാൽ തീ പൊടുന്നനെ കത്തി പടരുകയായിരുന്നു. വൈദ്യുതിയും പാചക വാതക സിലിണ്ടറും ഇല്ലാതിരുന്ന വീട്ടിൽ രാത്രി വെളിച്ചത്തിന് വയോധിക മെഴുകുതിരി കത്തിച്ചു വയ്ക്കുകയായിരുന്നു പതിവ്.
ഉറക്കത്തിനിടയിൽ കാലു തട്ടിയോ മറ്റോ മെഴുകുതിരി മറിഞ്ഞു വീണ് വീടിനുതീ പിടിച്ചതാകാമെന്നാണ് കരുതപ്പെടുന്നത്. വീട്ടിനുള്ളിലുണ്ടായിരുന്ന ഉപകരണങ്ങളും വയോധിക സൂക്ഷിച്ചിരുന്ന പണവുമടക്കം കത്തിനശിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.