വിദേശവില കുതിക്കുമ്പോഴും ഉറക്കം നടിച്ച് റബര്‍ ബോര്‍ഡ്
1496419
Saturday, January 18, 2025 11:53 PM IST
കോട്ടയം: റബറിന് ആഭ്യന്തരവിലയേക്കാള്‍ വിദേശവിലയില് കിലോയ്ക്ക് 27 രൂപയുടെ കയറ്റം. വിദേശവിലയില് അതിവേഗ കുതിപ്പുണ്ടായിട്ടും റബര്‍ ബോര്‍ഡ് മൂന്നു ദിവസമായി പ്രഖ്യാപിക്കുന്ന വില 192.
തരംതിരിക്കാത്ത ഷീറ്റിന് 188 രൂപയാണ് ഇന്നലെ ബോര്‍ഡ് നിശ്ചയിച്ചത്. സമീപകാലങ്ങളിലൊന്നും വിലകള്‍ തമ്മില്‍ ഇത്രയേറെ അന്തരം ഉണ്ടായിട്ടില്ല. വ്യവസായികളുടെ താത്പര്യത്തില്‍ വില ഉയര്‍ത്താത്ത റബര്‍ ബോര്‍ഡ് നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് ആര്‍പിഎസുകളും കര്‍ഷക സംഘടനകളും.
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ റബര്‍ ഉത്പാദനം കുറഞ്ഞതാണ് വിദേശവില ഇത്രയേറെ ഉയരാന്‍ ഇടയായത്. ഇവിടെയും ടാപ്പിംഗ് ഏറെക്കുറെ നിലച്ചുകഴിഞ്ഞു. വില ഉയരുമെന്ന കണക്കുകൂട്ടലില്‍ വന്‍കിട ഡീലര്‍മാര്‍ ഷീറ്റ് സ്റ്റോക്ക് ചെയ്യുന്നുണ്ട്.
അതേസമയം ചെറുകിട കര്‍ഷകര്‍ മറ്റു വരുമാനമില്ലാത്തതിനാല്‍ ഷീറ്റ് വില്ക്കാന് നിര്‍ബന്ധിതരാണ്. ടാപ്പിംഗ് കൂലി ഉള്‍പ്പെടെ ഇക്കൊലത്തെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കേണ്ടതുമുണ്ട്.
വിദേശവില ഒരാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് 15 രൂപ വര്‍ധിച്ചപ്പോള്‍ ആഭ്യന്തര വിലയില്‍ രണ്ടു രൂപയുടെ വര്‍ധനവാണ് റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. നിലവില്‍ വലിയ തോതില്‍ സ്റ്റോക്കില്ലാതിരിക്കെ 215 രൂപയിലേക്ക് വില ഉയരേണ്ടതാണ്. പൊങ്കല്‍ ഉള്‍പ്പെടെ അവധിക്കുശേഷം വ്യവസായരംഗം വീണ്ടും ഉണര്‍ന്നിട്ടുണ്ട്. അതേസമയം വിദേശവില ഉയരുന്ന സാഹചര്യത്തില്‍ വില കുറഞ്ഞ കോമ്പൗണ്ട് റബര്‍ പരമാവധി ഇറക്കുമതി ചെയ്യാനുള്ള നീക്കത്തിലാണ് വ്യവസായികള്‍.
നിലവില്‍ ക്രംബും ഷീറ്റും ഇറക്കുമതി ചെയ്യാന്‍ തീരുവ ഉള്‍പ്പെടെ 250 രൂപ ചെലവുണ്ട്. ഈ സാഹചര്യത്തില്‍ അഞ്ചു ശതമാനം തീരുവ അടച്ച് കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്ത് ഇവിടെ വില ഉയര്‍ത്താതിരിക്കാനാണ് വ്യവസായികളുടെ നീക്കം. വേനല്‍ കടുക്കുന്നതോടെ അടുത്ത മാസം ടാപ്പിംഗ് പൂര്‍ണമായി നിലയ്ക്കും.