കുണ്ടുംകുഴിയും മാറി, അവകാശവാദങ്ങൾ ബാക്കി ; കാളിയാർതോട്ടം റോഡിന് ജനകീയ ഉദ്ഘാടനം
1496416
Saturday, January 18, 2025 11:53 PM IST
കുറവിലങ്ങാട്: നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച കാളിയാർതോട്ടം ശ്രീമൂലം തിരുനാൾ ഷഷ്ട്യബ്ദപൂർത്തി സ്മാരക റോഡ് നാട്ടുകാർ സംഘടിച്ച് ജനകീയ ഉദ്ഘാടനം നടത്തി. എന്നാൽ ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ജലവിഭവവകുപ്പിൽനിന്ന് അനുവദിച്ച 40.2 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് വികസനം നടത്തിയത്. പിഎസ്സി മുൻ അംഗം എം.എസ്. ജോസാണ് ജനകീയ മുന്നേറ്റത്തിന്റെ നേതൃത്വത്തിലുള്ള ഉദ്ഘാടനം നടത്തിയത്.
വർഷങ്ങളായി തകർന്നുകിടന്ന റോഡിനെച്ചൊല്ലി വാദപ്രതിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ശക്തമായിരുന്നു. വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പ്രസ്താവനായുദ്ധങ്ങളും നടത്തിയിരുന്നു. കഴിഞ്ഞദിവസം റീടാറിംഗ് പൂർത്തീകരിച്ച റോഡ് ഇന്നലെ രാവിലെ റോഡിന്റെ ഗുണഭോക്താക്കൾ ഒത്തുചേർന്നാണ് ഉദ്ഘാടനം നടത്തിയത്.
ജനകീയ ഉദ്ഘാടനത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ അധ്യക്ഷത വഹിച്ചു. വിനു കുര്യൻ, ഡാർലി ജോജി, സിബി മാണി, സാബു പുളിക്കത്തൊട്ടി, ശശി കാളിയോരത്ത്, എ.പി. പ്രകാശ് അമ്പലത്തറ, ജോസ് പതിയാമറ്റം തുടങ്ങിവർ പ്രസംഗിച്ചു. റോഡിന്റെ ഉദ്ഘാടനത്തിൽ റോഡിന്റെ മുഴുവൻ ഗുണഭോക്താക്കളും കുടുംബസമേതം പങ്കെടുത്തു.
എംഎൽഎ
പറയുന്നതിങ്ങനെ:
കേരള വാട്ടർ അഥോറിട്ടിക്ക് പൈപ്പ് ഇടുന്നതിനുവേണ്ടി പൊതുമരാമത്തുവകുപ്പ് വിട്ടുകൊടുത്ത റോഡിൽ പൈപ്പ് ഇട്ടശേഷം വാട്ടർ അഥോറിട്ടി റോഡ് നന്നാക്കാൻ ഫണ്ട് അടയ്ക്കാതെ വന്നതിനെ തുടർന്നാണ് റീടാറിംഗ് നടത്താൻ കഴിയാതിരുന്നത്. പിന്നീട് വാട്ടർ അഥോറിട്ടിയും പൊതുമരാമത്ത് വകുപ്പും നടത്തിയ സംയുക്തപരിശോധനയെത്തുടർന്ന് നിശ്ചയിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ റീടാറിംഗ് നടത്തിയത്. റോഡ് തകർന്നതിനെത്തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കണക്കിലെടുത്ത് റീടാറിംഗ് നടത്താൻ രണ്ടു വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രശ്നപരിഹാരത്തിന് സാഹചര്യം ഉണ്ടാക്കി.
ജനകീയ കർമസമിതിയുടെ
വാക്കുകളിങ്ങനെ:
റോഡിന്റെ നവീകരണത്തിന് 2023ൽ 20 ലക്ഷം രൂപയോളം പൊതുമരാമത്തുവകുപ്പിൽനിന്ന് അനുവദിച്ചിരുന്നു. ഈ തുകയുടെ വികസനം കാളിയാർതോട്ടം ഭാഗം ഒഴിവാക്കി ഞീഴൂർ പഞ്ചായത്ത് ഭാഗത്തേക്ക് മാറ്റി വിനിയോഗിച്ചതോടെയാണ് പ്രതിസന്ധിയുയർന്നത്. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വീണ്ടും കുറവിലങ്ങാട് പഞ്ചായത്ത് ഭാഗത്തു വരുന്ന 1.8 കിലോമീറ്റർ ഭാഗം ടാർ ചെയ്തിരുന്നില്ല.
തകരാറിലായിരുന്ന റോഡിന്റെ വശത്ത് ജൽ ജീവൻ മിഷൻ പൈപ്പുകൾ ഇട്ടുവെന്ന പഴിചാരി റോഡിന്റെ തുടർനടപടികൾ ഉണ്ടായില്ല. ടാറിംഗിന് ഫണ്ട് അനുവദിക്കപ്പെടാത്ത സാഹചര്യത്തിൽ ജനപ്രതിനിധികളായ പി.സി. കുര്യൻ, വിനു കുര്യൻ, ഡാർലി ജോജി, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് സിബി മാണി എന്നിവരുടെ നേതൃത്വത്തിൽ ജനകീയസമിതി മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയതോടെ മന്ത്രി നേരിട്ട് സന്ദർശനവും ചർച്ചയും നടത്തി. തുടർന്ന് 40.2 ലക്ഷം രൂപ മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ചു. ഈ തുക വിനിയോഗിച്ചാണ് റോഡ് വികസനം നടത്തിയത്.