യൂത്ത് കോൺഗ്രസ് മെഡിക്കൽ കോളജിലേക്ക് മാർച്ചും ധർണയും നടത്തി
1496617
Sunday, January 19, 2025 7:54 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷ്വറൻസ് പുനഃസ്ഥാപിക്കണമെന്നും പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്ന പാവങ്ങളായ രോഗികളുടെ കയ്യിൽ പണം ഇല്ലെങ്കിൽ മരിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ടു വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിബിൻ വല്ലേരിൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, സോബിൻ തെക്കേടം പ്രസംഗിച്ചു.