അഞ്ചുമന പാലം നാടിനു സമർപ്പിച്ചു
1496623
Sunday, January 19, 2025 7:54 AM IST
കോട്ടയം: വൈക്കം-വെച്ചൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവിൽ നിർമിച്ച കുടവെച്ചൂർ അഞ്ചുമന പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് പൂർത്തിയാക്കിയ അഞ്ചുമന പാലം നാടിന്റെ വികസനത്തിന് ആക്കം കൂട്ടും. വൈക്കം-വെച്ചൂർ റോഡിന്റെ വികസനം പൂർണമായ രീതിയിൽ യാഥാർഥ്യമാവുകയാണ്.
പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലയും വികസിക്കും. പാലങ്ങളുടെ നിർമാണത്തിൽ കിഫ്ബിയുടെ പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.
അഞ്ചുമന പാലത്തിനു സമീപം നടന്ന ചടങ്ങിൽ സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി.
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ബി. ദീപ, വൈക്കം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈലകുമാർ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ്, വൈക്കം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മനോജ്കുമാർ, കെ.കെ. രഞ്ജിത്ത്, കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, വൈക്കം കരിനില വികസന ഏജൻസി വൈസ് ചെയർമാൻ ഇ.എൻ. ദാസപ്പൻ, പഞ്ചായത്തംഗങ്ങളായ സ്വപ്ന മനോജ്, ബിന്ദു രാജു, ആൻസി തങ്കച്ചൻ, സ്വാഗതസംഘം ജനറൽ കൺവീനർ കെ.കെ. ചന്ദ്രബാബു, ചെയർമാൻ എൻ. സുരേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.