അയ്മനം ഇൻഡോർ സ്റ്റേഡിയം: അഴിമതിക്കാർക്കെതിരേ നടപടിയെടുക്കണമെന്ന്
1496631
Sunday, January 19, 2025 8:06 AM IST
അയ്മനം: അയ്മനത്ത് അഞ്ചു കോടിയിൽപരം രൂപ ചെലവഴിച്ചു പണികഴിപ്പിച്ച ഇൻഡോർ സ്റ്റേഡിയം തകർച്ചയിലായതിനെക്കുറിച്ചു അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജീവ് ഗാഡി പഞ്ചായത്ത്രാജ് സംഘടനാ പ്രവർത്തകർ അയ്മനം പഞ്ചായത്ത് പടിക്കൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയും കോൺഗ്രസ് പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടന്ന ഏകദിന സത്യഗ്രഹവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അയ്മനം പഞ്ചായത്തിൽ കോടികൾ മുടക്കി നിർമിച്ച ഇൻഡോർ സ്റ്റേഡിയം, ചീപ്പുങ്കൽ വലിയമടക്കുഴി ടൂറിസം പദ്ധതികൾ എന്നിവ നാടിനു സമർപ്പിക്കുക, പഞ്ചായത്തിലെ താറുമാറായ റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കുക., കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധക്കൂട്ടായ്മയും സത്യാഗ്രഹവും സംഘടിപ്പിച്ചത്.
രാജീവ് ഗാന്ധി പഞ്ചായത്ത്രാജ് സംഘടന അയ്മനം മണ്ഡലം ചെയർമാൻ ബിജു ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ബിജു മാന്താറ്റിൽ, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ എന്നിവർ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്തു. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സമാപനസമ്മേളനം കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് ജി.ഗോപകുമാർ, ഡിസിസി സെക്രട്ടറി ജോബിൻ ജേക്കബ്, എ.കെ.ചന്ദ്രമോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.