ചെറുവള്ളി എസ്റ്റേറ്റ് ഉടമസ്ഥതാകേസ് : അടുത്തയാഴ്ച വിസ്താരം തുടങ്ങും
1496164
Friday, January 17, 2025 11:54 PM IST
കോട്ടയം: എരുമേലിയില്‍ ശബരി വിമാനത്താവളം നിര്‍മിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച് പാലാ കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ സിവില്‍ കേസില്‍ അടുത്തയാഴ്ച വിസ്താരം തുടങ്ങും.
പാട്ടക്കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ബിലീവേഴ്സ് ചര്‍ച്ചിന് ഉടമസ്ഥതാവകാശമില്ലെന്നും എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണെന്നും വ്യക്തമാക്കി കോട്ടയം ജില്ലാ കളക്ടര്‍ അഞ്ചു വര്‍ഷം മുന്‍പു പാലാ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിസ്താരം തുടങ്ങുന്നത്. 25ന് സര്‍ക്കാര്‍ വിഭാഗം സാക്ഷിയായി കോട്ടയം ഡെപ്യൂട്ടി കളക്ടറെ വിസ്തരിക്കും. കേസ് വിജയിച്ചാല്‍ ചെറുവള്ളി എസ്റ്റേറ്റ് വിലയ്ക്കു വാങ്ങാതെ ഏറ്റെടുക്കാന്‍ സര്‍ക്കാരിനു കഴിയും.
വിമാനത്താവളം നിര്‍മാണം വേഗത്തിലാക്കാന്‍ സ്ഥലത്തിന്റെ മൂല്യവില കോടതിയില്‍ കെട്ടിവച്ച് അക്വിസിഷന്‍ നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. തോട്ടത്തിന്റെ ഇപ്പോഴത്തെ കൈവശക്കാരായ ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന് പൊന്നുംവില കൊടുത്ത് സ്ഥലം ഏറ്റെടുക്കുന്നതായും സൂചനകളുണ്ടായിരുന്നു. ഈ രണ്ട് നടപടികളും ഒഴിവാക്കി കോടതിയില്‍ കേസ് വാദിച്ച് ഉടമസ്ഥത തെളിയിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതേ കേസില്‍ ചെറുവള്ളി എസ്റ്റേറ്റിന്റെ അവകാശം ഉന്നയിച്ച് നിരവധി സംഘടനകളും വ്യക്തികളും ട്രസ്റ്റുകളും മുന്‍പ് കോടതിയില്‍ കക്ഷി ചേരാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ കേസ് സര്‍ക്കാരും ബിലീവേഴ്സ് ചര്‍ച്ചും തമ്മിലാണെന്നും കക്ഷി ചേരാന്‍ വന്നവര്‍ക്ക് തനിച്ചു വ്യവഹാരം നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍സ് കമ്പനിയുടെ ചെറുവള്ളി തോട്ടം ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്കു കൈമാറിയ ശേഷം 2008-2009 വരെ സര്‍ക്കാര്‍ കരം സ്വീകരിച്ചിരുന്നു. പിന്നീട് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സര്‍ക്കാരുമായി ഹൈക്കോടതിയില്‍ കേസ് വന്നതോടെ റവന്യു വകുപ്പ് കരം സ്വീകരിക്കാതായി. എന്നാല്‍, കരം അടയ്ക്കുന്നത് സര്‍ക്കാരിന്റെ വരുമാനത്തിനുള്ള മാര്‍ഗമാണെന്നും സ്ഥലത്തിന്റെ ഉടമയാണെന്നതിനുള്ള രേഖയല്ലെന്നും പിന്നീട് കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം എരുമേലി തെക്ക് വില്ലേജില്‍പ്പെട്ട സ്ഥലത്തിന്റെ കുടിശികയും പലിശയും ഉള്‍പ്പെടെ 58 ലക്ഷത്തോളം രൂപയും മണിമല വില്ലേജില്‍ 3,53,958 രൂപയും റവന്യു വകുപ്പ് കരം നിശ്ചയിച്ചു.
പാലാ സബ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം വിസ്താരം നടക്കാനിരിക്കെയാണ് കഴിഞ്ഞ വര്‍ഷം തുടര്‍ നടപടികള്‍ ബിലീവേഴ്സ് ചര്‍ച്ചിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രദേശത്ത് സാമൂഹികാഘാതപഠനം നടത്തിയ ഏജന്‍സി സര്‍ക്കാരിന്റേതാണെന്നും സ്വതന്ത്ര ഏജന്‍സി വേണമെന്ന ചട്ടം ലംഘിച്ചെന്നുമായിരുന്നു ചര്‍ച്ചിന്റെ ഒരു പരാതി.
ഭൂമി വിലകൊടുത്ത് വാങ്ങി കൈവശമാക്കിയ അയന ട്രസ്റ്റിനെക്കുറിച്ച് എസ്റ്റേറ്റ് ഏറ്റെടുക്കല്‍ ഉത്തരവില്‍ പരാമര്‍ശം ഇല്ലെന്നതായിരുന്നു മറ്റൊരു ആക്ഷേപം. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതി ഏറ്റെടുക്കല്‍ നടപടികള്‍ സ്റ്റേ ചെയ്തത്. എന്നാല്‍ പിന്നീട് സ്വതന്ത്ര ഏജന്‍സി ആഘാതം പഠനം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. രണ്ടു മാസത്തിനുശേഷം വീണ്ടും വിജ്ഞാപനം വരാനിക്കെയാണ് കേസിന്റെ വിസ്താരം തുടങ്ങുന്നത്.