കണ്‍കുളിര്‍ക്കെ കാണാം അഞ്ചു സെന്റിലെ ഹരിത ഫലസമൃദ്ധി
1496163
Friday, January 17, 2025 11:54 PM IST
ജോജി പേഴത്തുവയലില്‍
കാഞ്ഞിരപ്പള്ളി: അഞ്ച് സെന്റ് മണ്ണില്‍ നിറയെ 33 ഇനം പച്ചക്കറികളുടെ വിളവിസ്മയം. നന്നായി വിളവു ലഭിച്ചാല്‍ പച്ചക്കറി അടുക്കളയിലേക്കു മാത്രമല്ല വില്‍ക്കാനും കിട്ടുമെന്നാണ് കാഞ്ഞിരപ്പള്ളി കാരിക്കല്‍ ജോസഫ് ഡൊമിനിക്കിന്റെ (പാപ്പച്ചന്) അനുഭവം. ഫലസമൃദ്ധിയുടെ പച്ചക്കറിത്തോട്ടത്തില്‍ പയര്‍, പാവല്‍, കോവല്‍, ചീര, ചേമ്പ്, ചേന, വാഴ, കാബേജ് തുടങ്ങി നിറയെ കൃഷിയാണ്.
നട്ടുനനച്ചും തടമെടുത്ത് വളമിട്ടും നടത്തുന്ന പ്രായത്തെ മറന്നുള്ള കൃഷി വരുമാനം മാത്രമല്ല നിര്‍വൃതി പകരുന്ന ജൈവ അനുഭവംകൂടിയാണ് ഇദ്ദേഹത്തിന്. വിഷം ചേരാത്ത ഭക്ഷണം കഴിക്കാന്‍ കിട്ടുക ഇക്കാലത്ത് മഹാഭാഗ്യമാണെന്ന പക്ഷക്കാരനാണ് ജോസഫ്.
വീടുള്‍പ്പെടെ 15 സെന്റ് സ്ഥലമേ ഇദ്ദേഹത്തിന് സ്വന്തമായുള്ളൂ. പച്ചക്കറികള്‍ക്ക് പുറമേ കിഴങ്ങുകളും ഫലവൃഷത്തൈകളുമുണ്ട് അഞ്ച് സെന്റ് കൃഷിയിടത്തില്‍. പാവല്‍, പയര്‍, ചീര എന്നിവ പതിവായി വിളവെടുക്കുന്നു. ചെറുകിഴങ്ങ്, കാച്ചില്, ചേന, ചേമ്പ് എന്നിവയെല്ലാം മുളപൊട്ടി വരുന്നു. സ്വന്തമായി തയാറാക്കിയ ജൈവവളമാണ് ജോസഫ് ഡൊമിനിക് കൃഷിക്കായി ഉപയോഗിക്കുന്നത്. കൃഷി കമ്പവും കരുതലുമായതോടെ എട്ട് ഏക്കര്‍ പാട്ടത്തിനെടുത്ത് അവിടെയും പൊന്നുവിളയിക്കുന്നു. അയല്‍വാസി തെരുവുംകുന്നേല്‍ ടി.ജെ. ജോസിന്റെ സ്ഥലത്താണ് അദ്ദേഹത്തെക്കൂടി ഒപ്പം കൂട്ടി കൃഷി വിപുലമാക്കിയിരിക്കുന്നത്.
പാട്ടത്തിനെടുത്ത സ്ഥലത്ത് നിറയെ കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചില്, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം കൃഷി ചെയ്യുന്നു. മത്ത, കുമ്പളം, വെള്ളരി തുടങ്ങിയവ വേറെയുമുണ്ട്. കഴിഞ്ഞ വര്‍ഷം 20 ടണ്‍ പച്ചക്കപ്പയാണ് ഇദ്ദേഹം വിളവെടുത്തത്. മോശമല്ലാത്ത വിലയ്ക്ക് കപ്പ വില്‍ക്കാനും സാധിച്ചു. പഞ്ചായത്തിലെ മികച്ച കര്ഷകന്, മാതൃകാ കര്ഷകന്, ജൈവകര്ഷകന്, പച്ചക്കറി കര്ഷകന് എന്നിങ്ങനെ ഇദ്ദേഹം പല തവണ ആദരിക്കപ്പെട്ടു, അവാര്‍ഡുകള്‍ സ്വന്തമാക്കി.
കൃഷി സമൃദ്ധി പോഷകത്തോട്ടം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം നാളെ സംഘടിപ്പിച്ചിരിക്കുന്നതും അഞ്ച് സെന്റില്‍ ജോസഫ് ഡൊമിനിക്കിന്റെ മാതൃക തോട്ടത്തിലാണ്.