പായിപ്പാട് വില്ലേജ് ഓഫീസ് കെട്ടിടനിര്‍മാണം "തറയിൽ'ത്തന്നെ : രണ്ടുകൊല്ലമായി ഓഫീസ് പ്രവര്‍ത്തനം നാലുകോടി പള്ളി ലൈബ്രറിയില്‍
1492224
Friday, January 3, 2025 7:01 AM IST
ചങ്ങനാശേരി: പായിപ്പാട് വില്ലേജ് ഓഫീസ് നിര്‍മാണം തറനിര്മാണത്തില് ഒതുങ്ങി. കഴിഞ്ഞ രണ്ടുകൊല്ലമായി വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് നാലുകോടി സെന്റ് തോമസ് പള്ളിയുടെ ഉടമസ്ഥതയിലുള്ള കെ.വി. ജോബ് കുഴിമണ്ണില്‍ മെമ്മോറിയല്‍ ലൈബ്രറി കെട്ടിടത്തിലാണ്. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ജീവനക്കാര്‍ക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവരും ദുരിതത്തിലായിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മാണം തുടങ്ങിയത്.
നാലുകോടി സെന്റ് തോമസ് ഇടവക വിട്ടു നല്കിയ സ്ഥലത്താണ് വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിര്‍മിക്കാനാവശ്യമായ സ്ഥലം കൂടി ഇടവക വിട്ടു നല്കി. വില്ലേജ് ഓഫീസിനായി കെട്ടിടനിര്‍മാണം ആരംഭിച്ചെങ്കിലും അടിത്തറ കെട്ടിക്കഴിഞ്ഞപ്പോൾ നിര്‍മാണം നിലയ്ക്കുകയായിരുന്നു.
ഒരു വര്‍ഷത്തേക്ക് ഓഫീസ് പ്രവര്‍ത്തനത്തിനെന്ന റവന്യു വകുപ്പുമായുള്ള എഗ്രിമെന്റിലാണ് നാലുകോടി ഇടവക, ലൈബ്രറി കെട്ടിടം വില്ലേജ് ഓഫീസിനായി വാടകരഹിതമായി വിട്ടുനല്‍കിയത്. എന്നാല്‍ രണ്ടുവര്‍ഷം പിന്നിട്ടിട്ടും വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ഫണ്ടില്ലാത്തതാണ് കെട്ടിട നിര്‍മാണം നിലയ്ക്കാന്‍ കാരണമെന്നാണ് റവന്യു അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്.