ചെമ്പിൽ ആക്രിക്കടയിൽ തീ പടർന്ന് പ്ലാസ്റ്റിക് സാധനങ്ങൾ കത്തിനശിച്ചു
1492216
Friday, January 3, 2025 6:49 AM IST
ചെമ്പ്: ചെമ്പിൽ ആക്രിക്കടയിൽ തീപിടുത്തം. ഇന്നലെ വൈകുന്നേരം 6.30ഓടെ ചെമ്പ് പോസ്റ്റോഫീസ് ജംഗ്ഷന് സമീപമായിരുന്നു തീപിടിത്തം ഉണ്ടായത്. ചെമ്പ് പാപ്പാളിയിൽ അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പ്ലാസ്റ്റിക് സാധനങ്ങൾ തീപിടിത്തത്തെ തുടർന്ന് കത്തിനശിച്ചു. തൊഴിലാളികൾ പണി കഴിഞ്ഞ് പോയതിനാൽ ആളപായം ഒഴിവായി.
വൈക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സെത്തിയാണ് തീ അണച്ചത്. 2,50,000 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.എൻ. ശ്രീറാം,
ഫയർ ഓഫീസർമാരായ സാജു, ഷൈൻ, ശ്രീജിത്ത്, അഭിൻ, കെ.എസ്. സുജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഉടൻ തീ അണയ്ക്കാൻ സാധിച്ചതിനാൽ സമീപത്തെ കെട്ടിടങ്ങളിലേയ്ക്ക് തീ പടർന്നില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.