ജൽജീവൻ പദ്ധതി: പൈപ്പിടാനെടുത്ത കുഴി ശരിയായി മൂടിയില്ലെന്ന് പരാതി
1492211
Friday, January 3, 2025 6:49 AM IST
പുതുപ്പള്ളി: ജൽജീവൻ പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുത്തശേഷം മൂടിയെങ്കിലും പലസ്ഥലത്തും റോഡ് താഴുന്നതായി ആരോപണം. വെട്ടത്തുകവല - ഇലക്കൊടിഞ്ഞി റോഡില്‍ വെട്ടത്തുകവല മുതല്‍ പൊങ്ങന്‍പാറ വരെയുള്ള ഭാഗത്താണു പൈപ്പ് സ്ഥാപിച്ചത്.
ബിഎംബിസി നിലവാരത്തിലാണ് ഇവിടെ റോഡ് മുന്‍പ് ടാര്‍ ചെയ്തത്. വളരെ മനോഹരമായി കിടന്ന റോഡിന്റെ പാര്‍ശ്വങ്ങളില്‍ പൈപ്പ് സ്ഥാപിക്കാന്‍ കുഴിയെടുക്കുകയായിരുന്നു.
എസ്കവേറ്ററിന്റെ സഹായത്തോടെ ഒന്നേകാലടി വീതിയിലാണു കുഴിയെടുത്തത്. പൈപ്പ് സ്ഥാപിച്ചശേഷം കുഴിമൂടിയെങ്കിലും മിക്കഭാഗത്തും റോഡ് നിരപ്പില്‍നിന്ന് അരയടി താഴ്ചയിലാണിപ്പോള്‍.
റോഡിന്റെ വശം വിണ്ടുകീറി രണ്ട് ഇഞ്ച് വരെ താഴ്ന്ന നിലയിലുമാണ്. കുഴികുത്തിയ ഭാഗത്തെ മണ്ണ് ഇടിഞ്ഞു താഴ്ന്നതാണ് റോഡ് വിണ്ടുകീറാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. വാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാകില്ല. ഇടിഞ്ഞു താണ റോഡിന്റെ ഭാഗം വീണ്ടും ടാർ ചെയ്ത് അപകടമൊഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.