ജില്ലാ ജനറൽ ആശുപത്രി അഞ്ചാംവാർഡ് നവീകരണം പൂർത്തിയായി
1492210
Friday, January 3, 2025 6:37 AM IST
കോട്ടയം: ജില്ലാ ആശുപത്രി അഞ്ചാം വാര്‍ഡിന്റെ നവീകരണം പൂര്‍ത്തിയായി. കഴിഞ്ഞ ഒന്നരവര്‍ഷമായി അടച്ചിട്ടിരുന്ന അഞ്ചാംവാര്‍ഡ് അറ്റകുറ്റപ്പണി പൂര്‍ത്തിയായി പുതുവര്‍ഷത്തില്‍ തുറക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, ഏഴുദിവസത്തെ ദുഃഖാചരണം ഉള്ളതിനാല്‍ അതു കഴിയുന്പോൾ വാര്‍ഡ് തുറന്നു നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.
മേല്‍ക്കൂരയുടെ ഭാഗത്തെ പ്ലാസ്റ്ററിംഗ് അടര്ന്നുവീണതിനെത്തുടര്ന്നാണ് ഈ പ്രസവാനന്തര വാര്‍ഡ് അടച്ചത്. ഇലക്ട്രിക്കല്‍ ജോലികള്‍ക്കു പുറമെ ടൈല്‍സ് മാറ്റല്‍, റീ പ്ലാസ്റ്ററിംഗ് എന്നിവയും പൂര്‍ത്തിയാക്കിയാണ് വാര്‍ഡ് തുറക്കുന്നത്. 42 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചാല്‍ മൂന്നാംവാര്ഡിലുള്ളവരെ ഇങ്ങോട്ടു മാറ്റും. തുടര്‍ന്ന് മൂന്നാംവാര്‍ഡും അടച്ചിട്ട് അറ്റകുറ്റപ്പണിയും നവീകരണവും നടത്തും.
പ്ലാസ്റ്ററിംഗ് അടര്‍ന്നുവീണ് വാര്‍ഡ് അടച്ചിട്ട് നാലുമാസത്തിനുശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അറ്റകുറ്റപ്പണി തുടങ്ങാന്‍ നിര്‍ദേശിച്ചത്. 18 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ആദ്യം കണക്കാക്കിയിരുന്നത്. ഈ തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി നല്കി. ഇതു മതിയാകാതെ വന്നതോടെ 50 ലക്ഷം കൂടി ജില്ല പഞ്ചായത്ത് അനുവദിക്കുകയായിരുന്നു.
തുടര്‍ന്നാണ് പണി ആരംഭിച്ചത്. പണി ഇഴഞ്ഞിഴഞ്ഞു നീങ്ങിയതുകാരണമാണ് വാര്‍ഡ് തുറക്കാന്‍ വൈകി. പലപ്പോഴും പ്രവൃത്തികള്‍ സ്തംഭിക്കുന്ന അവസ്ഥയുമുണ്ടായി. നാലാം വാര്‍ഡിലും പ്ലാസ്റ്ററിംഗ് അടര്ന്നുവീണിരുന്നെങ്കിലും അപകടാവസ്ഥ ഇല്ലാത്തതിനാല്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തിക്കുകയാണ്.