മീന്‍കുളത്തില്‍ സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി
1492207
Friday, January 3, 2025 6:37 AM IST
ചിങ്ങവനം: മീന്‍ കുളത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഷം കലര്‍ത്തിയതായി പരാതി. പനച്ചിക്കാട് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ ചോഴിയക്കാട് പുളിഞ്ചനാരില് പി.സി. ഏബ്രഹാമിന്റെ പുരയിടത്തിലെ കുളത്തിലാണ് വിഷം കലര്‍ത്തിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടമായി ചത്തൊടുങ്ങിയത്.
കുളത്തില്‍ നിക്ഷേപിച്ച 500 മത്സ്യക്കുഞ്ഞുങ്ങൾ വിളവെടുപ്പിന് പാകമായി നില്ക്കുന്ന സമയത്താണ് കൂട്ടമായി ചത്തു പൊങ്ങിയത്. കഴിഞ്ഞദിവസം ഏതാനും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് കണ്ടെങ്കിലും പിന്നീട് കൂട്ടമായി ചത്തൊടുങ്ങിയതിനെത്തുടര്‍ന്നാണ് വിഷബാധയാണെന്നു മനസിലായത്.
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വീട്ടിലെ പശുവിന്റെ വാല് മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് സാരമാക്കാതിരുന്ന വീട്ടുകാര്‍ മീന്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെയാണ് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലും ഫിഷറീസ് വകുപ്പിലും പഞ്ചായത്തിലും പരാതി നല്കി.