ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് പ്രതീക്ഷ : അതിരൂപതയിലെ 2025 മാതാക്കള്‍ ചുവടുവയ്ക്കുന്ന മെഗാ മാര്‍ഗംകളി നാളെ എസ്ബി കോളജ് മൈതാനത്ത്
1492205
Friday, January 3, 2025 6:37 AM IST
ചങ്ങനാശേരി: അതിരൂപത മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025-ാം വര്ഷജൂബിലിയുടെ ഭാഗമായി കേരളത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ തനതുകലയായ മാര്‍ഗംകളി നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എസ്ബി കോളജ് മൈതാനിയില്‍ അവതരിപ്പിക്കും. 2025 മാതാക്കളെ ഉള്‍പ്പെടുത്തിയുള്ള മെഗാ മാര്‍ഗംകളിയാണ് മാതൃവേദി സംഘടിപ്പിക്കുന്നത്. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമുദായിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.
മാര്‍ഗംകളിയെന്ന പുരാതന ക്രിസ്തീയ കലാരൂപത്തെ പൊതുസമൂഹത്തിനു കൂടുതല്‍ പരിചയപ്പെടുത്തുകയും ഇളംതലമുറയില്‍ ഇതിന് കൂടുതല്‍ പ്രചാരം നല്‍കുകയുമാണ് മാതൃവേദി ഈ സംരംഭത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് മാതൃവേദി അതിരൂപത പ്രസിഡന്റ് ബീന ജോസഫ്, പിതൃവേദി പ്രസിഡന്റ് ജിനോദ് ഏബ്രഹാം, ഭാരവാഹികളായ മിനി തോമസ്, ടെസി വര്‍ഗീസ്, സാലിമ്മ ജോസഫ്, സാലി വര്‍ഗീസ്, ലാലിമ്മ ടോമി, സാലി വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കുചേരുന്ന മാര്‍ഗംകളി എന്ന നിലയില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡും മാതൃവേദി പ്രതീക്ഷിക്കുന്നു.