വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന്
1492204
Friday, January 3, 2025 6:37 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ഇന്ന്. വിശുദ്ധന്റെ കബറിടം സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹം. പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ സിഎംഐ സഭയിലെ നവവൈദികർ ചേർന്ന് വിശുദ്ധ കുർബാനയർപ്പിക്കും. ഉച്ചയ്ക്ക് പ്രശസ്തമായ പിടിയരി ഊട്ടുനേർച്ച നടക്കും. വൈകുന്നേരം വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും.
രാവിലെ ആറിന് സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളന്തോട്ടവും എട്ടിന് പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിലും വിശുദ്ധ കുർബാനയർപ്പിക്കും. 11നാണ് നവവൈദികർ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. വൈകുന്നേരം അഞ്ചിന് പാലക്കാട് രൂപത മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
പിടിയരി ഊട്ടുനേർച്ച
ഉച്ചയ്ക്ക് ഒന്നിന് പ്രശസ്തമായ പിടിയരി ഊട്ടുനേർച്ച ആരംഭിക്കും. തിരുക്കർമങ്ങളിൽ സംബന്ധിക്കാൻ പള്ളിയിൽ എത്തിച്ചേരുന്ന മുഴുവൻ വിശ്വാസികളും ഊട്ടുനേർച്ചയിൽ പങ്കാളികളാകും.
സംസ്കൃത സ്കൂൾ ആരംഭിച്ച വിശുദ്ധ ചാവറയച്ചൻ അവിടെ പഠിക്കുന്ന കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനായി ആരംഭിച്ച വിപ്ലവകരമായ പിടിയരി സംഭരണത്തിന്റെ ഓർമയിലാണ് തിരുനാളിന്റെ പ്രധാന ദിനത്തിൽ പിടിയരി ഊട്ടുനേർച്ച നടത്തുന്നത്. തിരുനാൾദിവസങ്ങളിൽ ഒട്ടേറെ വിശ്വാസികൾ നേർച്ചയായി പിടിയരി സമർപ്പിക്കുന്നുണ്ട്.
തിരുനാൾ പ്രദക്ഷിണം
വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം സംവഹിച്ചു കൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം ഇന്ന് വൈകുന്നേരം 6.30ന് പള്ളിയിൽനിന്ന് ആരംഭിക്കും. കെഇ കോളജ്, മറ്റപ്പള്ളി ജംഗ്ഷൻ വഴി പ്രദക്ഷിണം മാന്നാനം ജംഗ്ഷനിലെ ഫാത്തിമമാതാ കപ്പേളയിൽ എത്തിച്ചേരും.
അവിടെ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം പള്ളി ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ സന്ദേശം നൽകും. അവിടെനിന്നു തുടരുന്ന പ്രദക്ഷിണം പള്ളിയിൽ തിരികെയെത്തി സമാപിക്കും.
മാന്നാനം ആശ്രമ ദേവാലയത്തിൽ ഇന്ന്
രാവിലെ 6.00 ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. ആന്റണി ഇളംതോട്ടം സിഎംഐ (പ്രൊവിൻഷ്യൽ, സെന്റ് ജോസഫ്സ് പ്രോവിൻസ് തിരുവനന്തപുരം). എട്ടിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: റവ.ഡോ. തോമസ് ചാത്തംപറമ്പിൽ സിഎംഐ
(പ്രിയോർ ജനറൽ, സിഎംഐ കോൺഗ്രിഗേഷൻ).
11ന് ആഘോഷമായ തിരുനാൾകുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന. കാർമികർ: സിഎംഐ സഭയിലെ നവവൈദികർ. ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ പിടിയരി ഊട്ടുനേർച്ച. വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: മാർ പീറ്റർ കൊച്ചുപുരയ്ക്കൽ (പാലക്കാട് രൂപതാധ്യക്ഷൻ). തുടർന്ന് പ്രസുദേന്തി തിരിനൽകൽ.
6.30ന് വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ തിരുനാൾ പ്രദക്ഷിണം.ത്തിമമാതാകപ്പേളയിൽ തിരുനാൾ സന്ദേശം: റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ (ആർച്ച് പ്രീസ്റ്റ്, സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി, കുറവിലങ്ങാട്), തിരുശേഷിപ്പ് വണക്കം, കൊടിയിറക്കൽ. രാത്രി 8.30ന് ശിങ്കാരിമേളം (അവതരണം: കെപിആർ കലാസമിതി, ആലപ്പുഴ), ലൈറ്റ് & സൗണ്ട് ഷോ.