പനച്ചിക്കാട് പാവനകുളത്തിന് ശാപമോക്ഷമാകുന്നു
1492202
Friday, January 3, 2025 6:37 AM IST
ചിങ്ങവനം: പാവനകുളം സുന്ദരം പദ്ധതിക്ക് തുടക്കമായി. പരുത്തുംപാറ -പനച്ചിക്കാട് ക്ഷേത്രം റോഡില്‍ രാജഭരണകാലത്ത് നിര്‍മിച്ച ചരിത്ര പ്രാധാന്യമുള്ള കുളം ഇന്ന് മാലിന്യം നിറഞ്ഞു കാട് പിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഇപ്പോള്‍ പനച്ചിക്കാട് പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള കുളവും പരിസരവും ജനകീയ പങ്കാളിത്തത്തോടെ സൗന്ദര്യവത്കരിക്കാനാണ് തീരുമാനം.
പനച്ചിക്കാട്, പുലിയാട്ട് വീട്ടില്‍ കടുത്ത നായര്‍, കൃഷ്ണന് നായര്‍ എന്നിവര്‍ ചേര്‍ന്ന് തങ്ങളുടെ സ്ഥലത്ത് പരോപകാരാർഥം പണികഴിപ്പിച്ചതാണ് പാവനകുളം. അക്കാലത്തെ ജലക്ഷാമത്തിന് അറുതി വരുത്താനും അതോടൊപ്പം വഴിയാത്രക്കാര്‍, കച്ചവടക്കാര്‍, അവരുടെ വാഹനങ്ങള്‍ വലിച്ചുകൊണ്ടു വരുന്ന മൃഗങ്ങള്‍ എന്നിവയ്ക്കുമായി നിര്‍മിച്ച കുളം പിന്നീട് അനാഥമാകുകയായിരുന്നു. കുളത്തിന്റെ വിവരണം അടങ്ങിയ ശിലാഫലകം ഇന്നും സമീപത്ത് നിലകൊള്ളുന്നുണ്ട്.
വാര്‍ഡ് മെംബര്‍ ജയന് കല്ലുങ്കലിന്റെ നേതൃത്വത്തില്‍, വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്നലെ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍ നിര്‍വഹിച്ചു. കുളത്തിന്റെ പരിസരം വൃത്തിയാക്കി സായാഹ്നങ്ങളില്‍ കുടുംബ സമേതം വിശ്രമിക്കാനുതകുന്ന തരത്തില്‍ ആണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
ചാരുബെഞ്ചുകള്‍, സെല്‍ഫി കോര്‍ണര്‍, ടീ സ്റ്റാള്‍ എന്നിവയും മനോഹരമായ പൂന്തോട്ടവും കൊണ്ട് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ രണ്ടു മാസം കൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വികസന സമിതി കണ്‍വീനര്‍ എം.എന്‍. ഓമനക്കുട്ടന്, പഞ്ചായത്ത് അംഗം സുമാ മുകുന്ദന്, പ്രമോദ് കൃഷ്ണന്, ജോര്‍ജ് മേമന, വാസുദേവന്‍ നായര്‍, ശ്രീജേഷ്, ബിനോയ്, എന്നിവര്‍ പങ്കെടുത്തു.