മെഡി. കോളജിൽ അത്യാധുനിക സിടി സ്കാൻ മെഷീൻ
1492201
Friday, January 3, 2025 6:37 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാധുനിക സി.ടി. സ്കാൻ സംവിധാനം ഏർപ്പെടുത്തുന്നു. കാൻസർ വിഭാഗത്തോട് ചേർന്നാണ് പുതിയ സംവിധാനം തയാറാകുന്നത്. നിലവിൽ ആശുപത്രിയുടേതായി അത്യാഹിത വിഭാഗത്തിൽ മാത്രമാണു സ്കാനിംഗ് ഉള്ളത്.
രണ്ടാമതായി സീമെൻസ് കമ്പനിയുടെ 32 സ്ലൈസിന്റെ അത്യാധുനിക സി.ടി. സ്കാൻ സംവിധാനമാണ് ഏർപ്പെടുത്തുന്നത്. സ്കാനിംഗ് മെഷീൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞു. ഇനി നെറ്റ് കണഷൻ, കംപ്യൂട്ടർ തുടങ്ങിയ വിവിധ ഭാഗങ്ങൾകൂടി തയാറാക്കാനുണ്ട്.
സജ്ജീകരണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയാക്കി കഴിഞ്ഞാൽ മുംബൈയിലെ അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ അംഗീകാരം കൂടി ലഭിച്ചാൽ മാത്രമെ ഈ വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങാൻ സാധിക്കൂ. ഈ മാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്നാണ് ആശുപത്രി അധികൃതർ പ്രതീക്ഷിക്കുന്നത്. നൂറുകണക്കിന് രോഗികൾക്കാണ് ദിവസേന സ്കാനിംഗ് ആവശ്യമായി വരുന്നത്.
അത്യാഹിതത്തിൽ പ്രവർത്തിക്കുന്ന സിടി സ്കാൻ വിഭാഗത്തിൽ കൂടുതലും അത്യാഹിതത്തിലെത്തുന്ന ഗുരുതരരോഗികളെയാണ് സ്കാൻ ചെയ്യുന്നത്. വാർഡിൽ കിടക്കുന്ന രോഗികൾക്ക് സ്കാനിംഗിന് തീയതി നൽകി വിടുകയാണ് സാധാരണ ചെയ്യുന്നത്. പുതിയ സ്കാനിംഗ് വിഭാഗത്തിന്റെ പ്രവർത്തനം തുടങ്ങുന്നതോടെ കൂടുതൽ പേർക്ക് ഉപകാരപ്പെടും.
ഒരു മെഷീൻ തകരാറായാൽ മറ്റൊന്നിൽ പ്രവർത്തനം നടക്കുമെന്നതും രോഗികൾക്ക് പ്രയോജനകരമാണ്.