സിപിഎം ജില്ലാ സമ്മേളനത്തിനു പാമ്പാടിയില്‍ തുടക്കം
1492005
Thursday, January 2, 2025 11:28 PM IST
കോട്ടയം: പാമ്പാടിയില്‍ സിപിഎം ജില്ലാ സമ്മേളനത്തിനു തുടക്കമായി. ഇന്നലെ വൈകുന്നേരം വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജാഥകള്‍ പാമ്പാടി പോലീസ് സ്റ്റേഷന് മൈതാനത്ത് സമാപിച്ചതോടെ സ്വാഗത സംഘം ചെയര്മാന് കെ.എം. രാധാകൃഷ്ണന് പതാക ഉയര്‍ത്തി. മുതിര്‍ന്ന പ്രവര്‍ത്തകരെ മന്ത്രി വി.എന്‍. വാസവന് ആദരിച്ചു.
ഇന്നു രാവിലെ 10ന് സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ പതാക ഉയര്‍ത്തല്‍. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.വി. റസല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഡോ. തോമസ് ഐസക്, എ.കെ. ബാലന്, കെ.കെ. ശൈലജ, കെ.രാധാകൃഷ്ണന്, സി.എസ്.സുജാത, ടി.പി. രാമകൃഷ്ണന്, കെ.കെ. ജയചന്ദ്രന്, പി.കെ. ബിജു, വി.എന്‍. വാസവന് എന്നിവർ സമ്മേളനത്തിൽ മുഴുവൻ സമയവും പങ്കെടുക്കും.
വൈകുന്നേരം ആരംഭിക്കുന്ന പൊതുചര്‍ച്ച നാളെയും തുടരും. മറ്റന്നാള്‍ പുതിയ കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കും. പ്രകടനം, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.
ഒഴിവാക്കാന്‍ ആവശ്യപ്പെട്ട്
സുരേഷ് കുറുപ്പ്
കോട്ടയം: ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ എംപിയും എംഎല്‍എയുമായ കെ. സുരേഷ് കുറുപ്പിന്റെ കത്ത്. അനാരോഗ്യം മൂലം കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കണമെന്നും ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചുള്ള ബ്രാഞ്ച് പ്രവര്‍ത്തന ഘടകമായി നല്‍കണമെന്നുമാണ് കത്തില്‍ പറയുന്നത്.
കഴിഞ്ഞ തവണ കോട്ടയത്തു നടന്ന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനായിരുന്നു കുറുപ്പ്. അന്നും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നേതൃത്വം അംഗീകരിച്ചില്ല. തുടര്‍ന്ന് പാര്‍ട്ടിയില്‍ കുറുപ്പ് അത്ര സജീവമല്ലായിരുന്നു. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുറുപ്പിന്റെ കത്തില്‍ അന്തിമ തീരുമാനം എടുക്കും.