മാന്നാനം അതിജീവനത്തിന്റെ പാഠങ്ങൾ പകർന്ന കളരി: മാർ റാഫേൽ തട്ടിൽ
1492003
Thursday, January 2, 2025 11:27 PM IST
മാന്നാനം: കേരളസമൂഹത്തിന് അതിജീവനത്തിന്റെ പാഠങ്ങൾ പകർന്ന കളരിയാണ് മാന്നാനമെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന്റെ എട്ടാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അതിജീവനത്തിനായി ചാവറയച്ചൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അച്ചടിശാലയും ആരംഭിക്കുകയും അഗതിമന്ദിരം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം ആരംഭിച്ച വലിയ വിപ്ലവത്തിന്റെ സാമൂഹിക മാനത്തിൽനിന്ന് സമൂഹം കൂടുതൽ പ്രതിബദ്ധതയോടെ ജീവിക്കണമെന്ന സന്ദേശമാണ് ഓരോ തിരുനാളുകളും നമ്മെ ഓർമിപ്പിക്കുന്നതെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
വിശുദ്ധ കുർബാനയ്ക്കുശേഷം ഓൺലൈൻ ചാവറ പ്രസംഗമത്സര ജേതാക്കൾക്കുള്ള അനുമോദനവും സമ്മാനദാനവും നടത്തി. വൈകുന്നേരം സിഎംഐ സഭയുടെ വികാരി ജനറാൾ ഫാ. ജോസി താമരശേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
വൈകുന്നേരം നടത്തിയ ജപമാല പ്രദക്ഷിണം ഭക്തിനിർഭരമായി. പള്ളിയിൽനിന്ന് ആരംഭിച്ച് ഫാത്തിമ മാതാ കപ്പേള വഴി കെഇ സ്കൂൾ കാമ്പസിലെ ഗ്രോട്ടോയിൽ സമാപിച്ച ജപമാല പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രധാന തിരുനാൾ ദിനമായ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ചരിത്രപ്രസിദ്ധമായ പിടിയരി ഊട്ടുനേർച്ച നടക്കും.