സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണക്കപ്പ് ഘോഷയാത്രയ്ക്ക് ജില്ലയിൽ ഗംഭീര വരവേൽപ്പ്
1492001
Thursday, January 2, 2025 11:27 PM IST
കോട്ടയം: 63-ാമത് സ്കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് കോട്ടയം ജില്ലയിൽ ഗംഭീര സ്വീകരണം നൽകി. ഇടുക്കി ജില്ലയിലെ കരിങ്കുന്നം ജിഎൽപി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ല ട്രോഫി ഏറ്റുവാങ്ങി.
ഉച്ചകഴിഞ്ഞ് കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂളിൽ എത്തിയ ഘോഷയാത്രയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെയും ട്രോഫിയിൽ ഹാരമണിയിച്ചും സ്വീകരിച്ചു.
സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സിൻസി പാറയിൽ, വിദ്യാഭ്യാസ ഉപഡയറക്ടർ എം.ആർ. സുനിമോൾ, സർവ ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ - ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.എസ്. ശ്രീകുമാർ, എഇഒ അനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.