ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും നാടിന് വെളിച്ചമേകും
1487314
Sunday, December 15, 2024 7:01 AM IST
കടുത്തുരുത്തി: പതിനൊന്ന് മാസം മുമ്പ് മിഴിയടച്ച അറുനൂറ്റിമംഗലം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും നാടിന് വെളിച്ചമേകും. മോന്‍സ് ജോസഫ് എംഎല്‍എയുടെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ലൈറ്റുകള്‍ സ്ഥാപിച്ചതോടെയാണ് ഉയരവിളക്ക് പ്രകാശിക്കാന്‍ വഴിയൊരുങ്ങിയത്.
പ്രവര്‍ത്തനരഹിതമായ ആറു ലൈറ്റുകളും പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. കഴിഞ്ഞ ഓക്ടോബര്‍ 24 മുതല്‍ 50 ദിവസമായി വിളക്കുകാലിന് മുമ്പില്‍ പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയിരുന്ന മണ്ണെണ്ണവിളക്ക് തെളിക്കല്‍ സമരവും ഇതോടെ നിര്‍ത്തി.
അന്തരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.എ. അപ്പച്ചന് മുന്‍കൈയെടുത്ത് 2013-14 വര്‍ഷത്തെ ആസ്തിവികസന ഫണ്ടുപയോഗിച്ചു സ്ഥാപിച്ചതാണ് ഹൈമാസ്റ്റ് ലൈറ്റ്. വര്‍ഷങ്ങളായി ജംഗ്ഷനില്‍ പ്രകാരം പരത്തി നിന്നിരുന്ന ലൈറ്റ് തെളിയാതായതോടെ മാസങ്ങളായി ജനം ദുരിതത്തിലായിരുന്നു.
ഇതേത്തുടര്‍ന്ന് യുഡിഎഫ് പ്രാദേശിക നേതാക്കളായ ജെഫി ജോസഫ്, പി.ആര്. രാജീവ്, കെ.പി. ബൈജു, കെ.എ. രമണന്, എം.സി. സുരേഷ്, ജോയി മുണ്ടകപ്പറമ്പില്‍ മുണ്ടുവേലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ എംഎല്‍എയ്ക്കു നിവേദനം നല്‍കിയിരുന്നു.
ഇന്ന് വൈകുന്നേരം ആറിന് പുതിയതായി സ്ഥാപിച്ച ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതിന്റെ സ്വിച്ച് ഓണ്‍ കര്‍മം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.