കേരള കോൺഗ്രസ് -എമ്മിന് കെ.എം. മാണിയുടെ 60 ചിത്രങ്ങളുള്ള നക്ഷത്രം സമ്മാനിച്ച് യൂത്ത് ഫ്രണ്ട്-എം
1487229
Sunday, December 15, 2024 5:10 AM IST
കോട്ടയം: 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന കേരള കോണ്‍ഗ്രസ് എമ്മിനു കെ.എം. മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ പതിഞ്ഞ 60 ഫോട്ടോകള്‍ ആലേഖനം ചെയ്ത കൂറ്റന്‍ നക്ഷത്രം സമ്മാനിച്ച് യൂത്ത് ഫ്രണ്ട് -എം.
സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന്റെ പക്കല്‍നിന്നു പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി നക്ഷത്രം സ്വീകരിച്ചു.വിവിധ മന്ത്രിസഭകളില്‍ കെ.എം. മാണി സത്യപ്രതിജ്ഞ ചെയ്യുന്നതും ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയ്ക്കും മദര്‍ തെരേസയ്ക്ക് ഒപ്പമുള്ള അപൂര്‍വ ചിത്രങ്ങളും നക്ഷത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തന ആരംഭിച്ചപ്പോള്‍ യുവാവായിരുന്ന കെ.എം. മാണിയുടെ ചിത്രവും 13 ബജറ്റുകള്‍ അവതരിപ്പിച്ച് റിക്കാര്‍ഡ് സ്ഥാപിച്ച ധനമന്ത്രികൂടിയായ കെ.എം. മാണി ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്കൊപ്പം കേരള നിയമസഭയുടെ പഴയ മന്ദിരത്തിലേക്ക് വന്ന് കയറുന്നതും നക്ഷത്രത്തിലുണ്ട്.
പാര്‍ട്ടി ആസ്ഥാനത്ത് നക്ഷത്രം സ്ഥാപിച്ചു. സിറിയക് ചാഴികാടന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിജി എം. തോമസ്, അലക്സ് കോഴിമല, പ്രഫ. ലോപ്പസ് മാത്യു, സാജന് തൊടുക, ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മന്‍ മത്തായി, ബിറ്റു വൃന്ദാവന്‍, റോണി വലിയപറമ്പില്‍, ബിന്സണ് ഗോമസ്, സുനില്‍ പയ്യപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.