‘മേൽവിലാസ’ത്തിന് അംഗീകാരം
1487311
Sunday, December 15, 2024 7:01 AM IST
അകലക്കുന്നം: ബംഗാൾ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 30 ാമത് കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവസാനവർഷ സംവിധാനവിഭാഗം വിദ്യാർഥി കെ.എൻ. ഹരിപ്രസാദ് സംവിധാനം ചെയ്ത ‘മേൽവിലാസം’ എന്ന ഡോക്യുമെന്ററിക്ക് ഇന്ത്യൻ ഡോക്യുമെന്ററി മത്സരവിഭാഗത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു.
ഇന്ത്യയിലെ ആദ്യ ട്രാൻസ് ജെൻഡർ പോസ്റ്റ്വുമണായ ടി.എസ്. പാർവതി സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ മറികടക്കുന്നതിനായി നടത്തേണ്ടിവന്ന പോരാട്ടങ്ങളെ ആധാരമാക്കി നിർമിച്ച ഡോക്യുമെന്ററിക്കാണ് അംഗീകാരം.
യൂറോപ്യൻ രാജ്യമായ സെർബിയൻ ഗവൺമെന്റിനു കീഴിലുള്ള ബെൽഗ്രേഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരള ചലച്ചിത്ര അക്കാദമിയുടെയും ഫിലിം ഫെഡറേഷന് സൊസൈറ്റി ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൈൻസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, കലിംഗ ഗ്ലോബൽ ഫിലിം ഫെസ്റ്റിവൽ - ഒഡിഷ,
ചെന്നൈ ഇന്റർനാഷണൽ ക്വീർ ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്ക് മേൽവിലാസം തെരഞ്ഞെടുക്കപ്പെടുകയും തൃശൂരിൽ നടന്ന നാഷണൽ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കരത്തിന് അർഹമാകുകയും ചെയ്തു.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ച ജോർജ് ജോൺ, എഡിറ്റിംഗ് നിർവഹിച്ച ബോബി നിക്കോളാസ്, ശബ്ദസംവിധാനം നിർവഹിച്ച വൈശാഖ് ശങ്കർ, ആബേൽ ഫിലിപ്പ് എന്നിവരും കോളജിലെ അവസാനവർഷ വിദ്യാർഥികളാണ്. പാഠ്യപദ്ധതിയുടെ ഭാഗമായി തയാറാക്കിയ ഡോക്യുമെന്ററി നിർമിച്ചിരിക്കുന്നത് കെ.അർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്.