ട്രെയിനുകളില്‍ സീറ്റില്ല : ക്രിസ്മസിനെത്താന് മറുനാടന്‍ മലയാളികള്‍ വലയും
1487228
Sunday, December 15, 2024 5:10 AM IST
കോട്ടയം: ശബരിമല സീസണിലെ തിരക്കിനു പുറമെ ക്രിസ്മസ് പുതുവത്സരംകൂടി എത്തുന്ന സാഹചര്യത്തില്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ കിട്ടാനില്ല. ജനുവരി പത്തു വരെ കേരളത്തില്‍ ഓടുന്ന എല്ലാ ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റിലേ ഇടംകിട്ടൂ. ഹൈദരാബാദ്, ഡല്‍ഹി, മുംബൈ, ഗോഹട്ടി, ഹൗറ ദീര്‍ഘദൂര തീവണ്ടികളില്‍ നൂറിനു മുകളിലാണ് വെയിറ്റിംഗ് ലിസ്റ്റ്.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ പോക്കുവരവു കൂടിയതോടെ വടക്കു കിഴക്കന്‍ മേഖലയിലേക്ക് മലയാളികളുടെ യാത്രാദുരിതം വര്‍ധിച്ചു. മലബാര്‍, ജന്മശതാബ്ദി ഉള്‍പ്പെടെ വണ്ടികളിലും സ്ഥിതി ഇതുതന്നെ.
ട്രെയിനുകളില്‍ സീറ്റില്ലാത്ത സാഹചര്യത്തില്‍ ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലേക്ക് കെഎസ്ആര്‍ടിസി സ്പെഷല്‍ സര്‍വീസും നടത്തുന്നില്ല. നിലവില്‍ ഓടുന്ന ബസുകളില്‍ ഡിസംബര്‍ 20 മുതല്‍ റിസര്‍വേഷന്‍ പൂര്‍ണമായി.
ക്രിസ്മസിന് കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് എംപിമാരും റെയില്‍വേ മന്ത്രാലയത്തില്‍ ആവശ്യപ്പെടുന്നില്ല.
ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ആന്ധ്ര, തെലങ്കാന, തമിഴ്നാട് സര്‍ക്കാരുകള്‍ കോട്ടയത്തിനും ചെങ്ങന്നൂരിലും നിരവധി സ്പെഷല്‍ ട്രെയിനുകള്‍ അനുവദിപ്പിച്ചിട്ടുണ്ട്.