ഓടയില്ല, പരന്നൊഴുകാനൊരു റോഡ്; ഒട്ടയ്ക്കൽ ജംഗ്ഷൻ വെള്ളക്കെട്ടിൽ
1487232
Sunday, December 15, 2024 5:10 AM IST
ഇളങ്ങുളം: ഒട്ടയ്ക്കൽ ജംഗ്ഷനിലെ വെള്ളക്കെട്ട് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൂരാലി - പള്ളിക്കത്തോട് റോഡിൽ നിന്നു ചെങ്ങളം ഭാഗത്തേക്കു തിരിയുന്ന ജംഗ്ഷനിലാണ് മഴ പെയ്താൽ വെള്ളക്കെട്ട് രൂക്ഷമാകുന്നത്. അടുത്ത കാലത്തു റോഡ് പുതുക്കിപ്പണിതതിനുശേഷമാണ് വെള്ളക്കെട്ട് പതിവായതെന്നു പ്രദേശവാസികൾ പറയുന്നു.
റോഡ് നിർമാണത്തിലെ അപാകതയാണ് ഇതിനു കാരണം. ജംഗ്ഷനിൽ വെള്ളം ഒഴുകിപ്പോകാൻ കലുങ്ക് ഉണ്ടെങ്കിലും ഇതിലൂടെ ഒഴുകിപ്പോകാനുള്ള ഓടയില്ല. ഇതുമൂലം മഴവെള്ളം കവലയിൽ കെട്ടിക്കിടന്ന് റോഡിലൂടെ പരന്ന് ഒഴുകുകയാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ വഴിയാത്രക്കാരുടെയും ബസ് കാത്തു നിൽക്കുന്നവരുടെയും ദേഹത്ത് ചെളിവെള്ളം തെറിക്കുന്നത് നിത്യസംഭവമാണ്.
ഇതുസംബന്ധിച്ചു നിരവധി പരാതികൾ ഉയർന്നെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്. ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാരും ജനകീയ സമിതിയും ആവശ്യപ്പെട്ടു.