സ്കൂള്‍ ഉച്ചഭക്ഷണത്തിനു പുതിയ മെനു: വിഹിതം മുടങ്ങിയിട്ട് മൂന്നുമാസം
1487230
Sunday, December 15, 2024 5:10 AM IST
കോട്ടയം: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സര്‍ക്കാര്‍ ഫണ്ട് നിലച്ചിട്ട് മൂന്നു മാസം. പാചകത്തൊഴിലാളികള്‍ക്കും സെപ്റ്റംബറിനുശേഷം വേതനം ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പുതിയ മെനു പരിഷ്കാരം വരുത്തിയിരിക്കുന്നത്.
പച്ചക്കറി, വെളുത്തുള്ളി, ജീരകം, ഉള്ളി, സവോള എന്നിവയ്ക്ക് തീവിലയായിരിക്കെ ഊണും പാലും മുട്ടയും നല്‍കുക പ്രധാന അധ്യാപകര്‍ക്ക് ഭാരിച്ച ബാധ്യതയാണ്. കുട്ടികളില്‍ അസിഡിറ്റി വര്‍ധിക്കുമെന്ന പേരില്‍ അച്ചാറും രസവും ഒഴിവാക്കിയിട്ടുണ്ട്.
ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ഉച്ചഭക്ഷണത്തില്‍ മത്സ്യവും മാംസവും ഉള്‍പ്പെടുത്താമെന്നാണു പുതിയ നിര്‍ദേശം. ആഴ്ചയിലൊരു മുട്ടയും രണ്ടു ദിവസം പാലും നല്കാന് തുശ്ചമായ തുകയാണ് അനുവദിക്കുക.
ചോറിനൊപ്പം നിര്‍ബന്ധമായും രണ്ട് കറികള്‍ നല്‍കണം. ഇതില്‍ പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണം. ചെറുപയര്‍, വന്‍പയര്‍, കടല, ഗ്രീന്‍ പീസ്, മുതിര എന്നിവ ഉള്‍പ്പെടുത്തണം.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം പാചകമെന്നാണ് ഉത്തരവ്. ഇന്ധനമായി പാചകവാതകം ഉപയോഗിക്കണം. അരി സപ്ലൈകോയില്‍നിന്ന് ലഭിക്കും. മറ്റ് വിഭവങ്ങള്‍ പ്രധാനാധ്യപകന് വാങ്ങുകയോ നാട്ടില്‍നിന്ന് സംഭരിക്കുകയോ ചെയ്യണം.
500 കുട്ടികള്‍ക്ക് പാചകം ചെയ്യാന്‍ ഒരാളെയും 500ല്‍ കൂടുതല്‍ പേര്‍ക്കു പാചകം ചെയ്യാന്‍ രണ്ട് തൊഴിലാളികളെയും നിയമിക്കാം. ദിവസം 600 രൂപയാണു വേതനം. ഒരു മാസം പരമാവധി ഇവര്‍ക്ക് ലഭിക്കുക 12,000 രൂപയാണ്.
സര്‍ക്കാരിന്റെ സാമ്പിള്‍ മെനു:
തിങ്കള്‍: ചോറ്, അവിയല്‍, പരിപ്പുകറി.
ചൊവ്വ: ചോറ്, തോരന്‍, എരിശേരി.
ബുധന്‍: ചോറ്, തോരന്‍ (ഇലക്കറി), സാമ്പാര്‍.
വ്യാഴം: ചോറ്, തോരന്‍, സോയാ കറി/കടലക്കറി/പുളിശേരി.
വെള്ളി: ചോറ്, തോരന്‍, ചീര, പരിപ്പുകറി.