കാലംതെറ്റി മഴ: കർഷകർക്ക് ആഘാതം
1487307
Sunday, December 15, 2024 7:01 AM IST
അയ്മനം: കാലംതെറ്റി പെയ്ത കനത്ത മഴയില്‍ അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ കൊയ്തെടുക്കാറായ നെല്ല് നശിച്ചു. അയ്മനം പഞ്ചായത്തിലെ മണിയാപറമ്പ്, മേനാകരി, ആര്‍പ്പൂക്കര പഞ്ചായത്തിലെ കേളകരി, വാവക്കാട് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍ക്കാണ് കനത്ത നാശമുണ്ടായിരിക്കുന്നത്.
വീണുകിടക്കുന്ന നെല്ല് കൊയ്ത്തുമെഷീന് ഉപയോഗിച്ച് കൊയ്തെടുക്കുമ്പോള്‍ മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെ അധികസമയം വേണ്ടിവരുന്നു. ഇത് കര്‍ഷകര്‍ക്ക് ഭാരിച്ച ചെലവാണുണ്ടാക്കുന്നത്. മഴ തുടരുന്നതും മെഷീനുകള്‍ യഥാസമയം ലഭിക്കാത്തതും കൊയ്ത്തിനെ ബാധിക്കുന്നുമുണ്ട്.
കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ധനസഹായം നല്‍കണമെന്നും കൃഷിനാശമുണ്ടായതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ കൃഷി വകുപ്പിനു നല്‍കേണ്ടതിന്റെ തീയതി 31 വരെ നീട്ടിണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.