പാലാ രൂപത ബൈബിള്‍ കണ്വന്ഷൻ: 19നു തുടക്കം
1487226
Sunday, December 15, 2024 5:10 AM IST
പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ നടക്കുന്ന 42-ാമത് ബൈബിള്‍ കണ്വന്ഷന് 19 ന് ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന ബൈബിള്‍ കണ്വന്ഷന് പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമാണ്.
പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ വൈകുന്നേരം 3.30 മുതല്‍ രാത്രി ഒന്‍പതു വരെ സായാഹ്ന കണ്‍വന്‍ഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാലിന്റെ നേതൃത്വത്തിലുള്ള ടീമാണ് കണ്വന്ഷന് നയിക്കുന്നത്. അഞ്ചു ദിവസത്തെ കണ്വന്ഷന് 23നു സമാപിക്കും.
പാലാ രൂപത പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ യുവജനവര്‍ഷ ആചരണത്തിന്റെ ഭാഗമായി യുവജനസംഗമം ‘’എല്‍റോയി’’ 21ന് രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ കണ്വന്ഷന് ഗ്രൗണ്ടില്‍ നടത്തും. സിറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും.
കണ്‍വന്‍ഷന്റെ വിജയത്തിനായിട്ടുള്ള മധ്യസ്ഥപ്രാര്‍ഥന നവംബര്‍ ഒന്നു മുതല്‍ ഷാലോം പാസ്റ്ററല്‍ സെന്ററില്‍ ആരംഭിച്ചു. കണ്‍വന്‍ഷന്റെ മൊബിലൈസേഷന്റെ ഭാഗമായി പാലാ രൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും നവംബര്‍ ഒന്നു മുതലുള്ള സന്ദര്‍ശനം പൂര്‍ത്തിയായി. കണ്‍വന്‍ഷന്റെ ശുശ്രൂഷകര്‍ക്ക് ഒരുക്കമായിട്ടുള്ള ധ്യാനം അരുണാപുരം സെന്റ് തോമസ് ദേവാലയത്തില്‍ നടന്നു.
കണ്വന്ഷന് ഗ്രൗണ്ടില്‍ ആരംഭിച്ചിരിക്കുന്ന ജെറീക്കോ പ്രാര്‍ഥന പുരോഗമിക്കുന്നു. കൺവൻഷന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
കണ്വന്ഷന് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസറ്റ്യന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപത ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, കണ്വന്ഷന് വോളന്റിയേഴ്സ് ക്യാപ്റ്റന്‍ ഫാ. ആല്ബിന് പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.