ദൈവദാസൻ ഫാ. ബ്രൂണോ കണിയാരകത്തിന്റെ ഓർമകൾക്ക് 33 വയസ്
1487245
Sunday, December 15, 2024 5:23 AM IST
കുര്യനാട്: പാപസങ്കീർത്തനവേദിയിലെ പ്രേഷിതനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദൈവദാസൻ ഫാ. ബ്രൂണോ കണിയാരകത്തിന്റെ ഓർമകൾക്ക് ഇന്ന് 33 വയസ്. പരസ്നേഹത്തിലൂടെ ദൈവത്തെ സമ്മാനിച്ച ദൈവദാസൻ ഫാ. ബ്രൂണോയുടെ അനുസ്മരണവാർഷികം ഇന്ന് സെന്റ് ആൻസ് ആശ്രമദേവാലയത്തിൽ നടക്കും.
രാവിലെ 9.30 ന് വിശുദ്ധ കുർബാനയും കബറിടത്തിൽ പ്രത്യേക പ്രാർഥനയും തുടർന്ന് നേർച്ച വിതരണവും നടത്തും. സിഎംഐ സഭാ പ്രിയോർ ജനറൽ ഫാ. തോമസ് ചാത്തംപറമ്പിൽ സിഎംഐ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആത്മാവച്ചനെന്ന് വിശ്വാസികൾ വിളിക്കുന്ന ഫാ. ബ്രൂണോയുടെ കബറിടത്തിൽ അനേകർ ഒരുമിച്ച് ചേർന്ന് പ്രാർഥനാശുശ്രൂഷകളിൽ പങ്കുചേരും.
ആത്മാവച്ചന്റെ വചനവിരുന്നിലും പാപസങ്കീർത്തനത്തിലും നേരനുഭവമുള്ളർ ദൈവദാസന്റെ ഓർമകളിൽ നിറഞ്ഞ് ഒരുമിച്ച് ചേരും. 1894 ൽ രാമപുരം ഇടവകയിൽ ജനിച്ച് 1923ൽ പൗരോഹിത്യം സ്വീകരിച്ച ആത്മാവച്ചൻ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെ സതീർഥ്യനുമാണ്. 1991ൽ 97-ാം വയസിലാണ് ആത്മാവച്ചൻ സ്വർഗയാത്രയായത്.
ആശ്രമം പ്രിയോർ സ്റ്റാൻലി ചെല്ലിയിൽ സിഎംഐ, വൈസ് പോസ്റ്റുലേറ്റർ ഫാ. തോമസ് കൊല്ലംപറമ്പിൽ സിഎംഐ എന്നിവർ അനുസ്മരണചടങ്ങുകൾക്ക് നേതൃത്വം നൽകും.