വൈക്കം ആയുർവേദ ആശുപത്രിയിൽ ബെഡ്ഡുകളുടെ എണ്ണം കൂട്ടണം
1487313
Sunday, December 15, 2024 7:01 AM IST
വൈക്കം: വൈക്കം താലൂക്ക് ആയുര്‍വേദ ആശുപത്രി 30 ബെഡ്ഡുകളുള്ള ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. ആവശ്യമായ സ്ഥലസൗകര്യം ഉണ്ടായിട്ടും ആശുപത്രിയില്‍ നിലവില്‍ 20 ബെഡ്ഡുകൾ മാത്രമാണുള്ളത്. പ്രദേശവാസികൾക്കു പുറമേ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നടക്കം രോഗികൾ ഇവിടെ താമസിച്ചു ചികിൽസ തേടുന്നുണ്ട്.
പരാധീനതകള്‍ക്കു നടുവിലായ ആശുപത്രിയിൽ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള നഴ്സുമാരും ക്ലര്ക്കുമാരുമില്ല. രോഗികളുടെ എണ്ണത്തിനനുസരിച്ച് തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തത് രോഗികളെയും വലക്കുകയാണ്. ചികിത്സിക്കെത്തുന്നവര്ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ആശുപത്രി പൂര്‍ണ സജ്ജമാകണമെങ്കില്‍ 10 ബെഡ്ഡുകൾ കൂടി അനുവദിക്കണം.
നാലു തെറാപ്പിസ്റ്റുകള്‍, രണ്ടു ഫാര്‍മസിസ്റ്റുകള്‍, നാലു നഴ്സുമാര്‍, ഒരു ക്ലര്‍ക്ക്, രണ്ട് അറ്റന്‍ഡര്‍മാര്‍ എന്നിവരെയും മതിയായ ഡോക്ടമാര്‍മാരെയും നിയമിച്ചാൽ മാത്രമേ ആശുപ്രതിയുടെ പ്രവർത്തനം കാര്യക്ഷമമാകൂ.
വൈക്കം നഗരസഭാ പരിധിയില്‍നിന്നും സമീപ പഞ്ചായത്തുകളില്‍നിന്നുമായി ദിവസേന നൂറുകണക്കിന് ആളുകളാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്. ആശുപത്രിക്കു പുതിയ കെട്ടിടം പണിയുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍, പഴയ കെട്ടിടം പൊളിച്ചുനീക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ നടപടി സ്വീകരിക്കാത്തതാണ് ആശുപത്രി വികസനത്തിന് തിരിച്ചടിയാകുന്നത്.
താലൂക്ക് ആയുര്‍വേദ ആശുപത്രി 30 ബെഡ്ഡുകളുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ അധികൃതർ സ്വീകരിക്കണമെന്ന് സി പി ഐ ടൗൺ നോർത്ത് ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
സിപിഐ ലോക്കല്‍ സെക്രട്ടറി അഡ്വ. ചന്ദ്രബാബുഎടാടന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ കൗണ്‍സിലര്‍ അശോകന് വെള്ളവേലി, കെ.ഇ. മണിയന്, ടി.എസ്. സുരേഷ് ബാബു, എന്‍. മോഹനന് എന്നിവര്‍ പ്രസംഗിച്ചു.