കനകപ്പലം കല്യാണിമുക്ക് പാലം ഭാഗത്ത് മാലിന്യങ്ങൾ നിറഞ്ഞ നിലയിൽ
1487237
Sunday, December 15, 2024 5:20 AM IST
എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ അതിർത്തിയിലുള്ള കനകപ്പലം കല്യാണിമുക്ക് പാലം ഭാഗത്ത് മാലിന്യങ്ങൾ നിറഞ്ഞ നിലയിൽ. വിജനമായ പ്രദേശമായതിനാൽ മാലിന്യങ്ങൾ ഇടാൻ ഇവിടേക്കാണ് പലരും എത്തുന്നത്.
സമീപ പ്രദേശമായ കനകപ്പലം - വെച്ചൂച്ചിറ റോഡിലെ വനപാതയിൽ നിരീക്ഷണ കാമറകൾ ആയതോടെ ഇല്ലാതായ മാലിന്യമിടീൽ ഇപ്പോൾ കല്യാണിമുക്ക് പാലം ഭാഗത്ത് ആയ സ്ഥിതിയിലാണ്. കനകപ്പലം, കരിമ്പിൻതോട് വന ഭാഗത്ത് നിന്നുമുള്ള തോട് കല്യാണിമുക്ക് പാലത്തിനടിയിലൂടെയാണ് ഒഴുകുന്നത്.
മാലിന്യങ്ങൾ തോട്ടിലേക്ക് പതിക്കുന്നുണ്ട്. ഈ തോട് സമീപത്തെ പഞ്ചതീർഥ ക്ഷേത്രത്തിന് മുന്നിലൂടെ എത്തി മണിമലയാറിലാണ് ചേരുന്നത്. ഒട്ടേറെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നതാണ് മണിമലയാർ. മാലിന്യങ്ങൾ ഇടുന്നവർക്കെതിരെ പഞ്ചായത്തും പോലീസും ഇടപെട്ട് കർശന നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.