ജോസച്ചന്റെ വേര്‍പാട് തീരാവേദനയായി
1340466
Thursday, October 5, 2023 10:52 PM IST
പാലാ: പാലാ അല്‍ഫോന്‍സാ കോളജ് ബര്‍സാറും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ റവ.ഡോ. ജോസ് ജോസഫ് പുലവേലിലിന്റെ ആകസ്മികമായ വേര്‍പാട് സഹപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും പൂര്‍വ വിദ്യാര്‍ഥിനികള്‍ക്കും അദ്ദേഹം സേവനമനുഷ്ഠിച്ച ഇടവകകളിലെ വിശ്വാസികള്‍ക്കും തീരാവേദനയായി.
പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദവും നേടിയ റവ.ഡോ. ജോസ് ജോസഫ് 2005 ലാണ് പാലാ അല്‍ഫോന്‍സാ കോളജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായി സേവനം ആരംഭിച്ചത്. പതിനെട്ടു വര്‍ഷക്കാലം കോളജിന്റെ ആത്മീയവും ഭൗതികവുമായ അഭിവൃദ്ധിക്കു വേണ്ടി അക്ഷീണം യത്നിച്ച പ്രതിഭാശാലിയായ വൈദികനാണ് അദ്ദേഹം. ഇംഗ്ലീഷ് ഭാഷയിലുള്ള അഗാധമായ പാണ്ഡിത്യവും തന്റെ വ്യത്യസ്തമായ അധ്യാപന ശൈലിയും കൊണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം.
സദാ പ്രസന്നവദനനായ അദ്ദേഹം സഹഅധ്യാപകര്‍ക്ക് ഉത്തമ സൗഹൃദത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു. ബര്‍സാര്‍ എന്ന നിലയില്‍ വ്യക്തമായ കാഴ്ചപ്പാടോടെ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. കോളജിന്റെ ജൂബിലി ബ്ലോക്ക്, ബാസ്കറ്റ് ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് തുടങ്ങിയവയുടെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമാണ്. ഇംഗ്ലീഷില്‍ പിജി വിഭാഗമുള്‍പ്പെടെ കോളജിലെ നിരവധി കോഴ്സുകള്‍ക്കു തുടക്കം കുറിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. 2020 ല്‍ ഇംഗ്ലീഷ് വിഭാഗം മേധാവിയായി സ്ഥാനമേറ്റു.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലും കലാ കായിക രംഗങ്ങളിലും വിദ്യാര്‍ഥിനികള്‍ക്ക് മികച്ച പിന്തുണയും അനുകൂലമായ ഭൗതികസാഹചര്യങ്ങളും ഒരുക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു.
ഈ വര്‍ഷം കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ പ്രധാന സംഘാടകനും അദ്ദേഹമായിരുന്നു. കോളജിന്റെ സര്വതോന്മുഖമായ വളര്‍ച്ചയ്ക്കായി ദീര്‍ഘവീക്ഷണത്തോടെ കര്‍മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി. കോളജിന്റെ ചരിത്രത്തില്‍ അതുല്യമായ ഏടുകള്‍ എഴുതിച്ചേര്‍ത്ത അദ്ദേഹത്തിന്റെ വേര്‍പാട് കോളജിനു നികത്താനാവാത്ത നഷ്ടമാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി കരൂര്‍ തിരുഹൃദയ പള്ളിയില്‍ താമസിച്ച് ശുശ്രൂഷാസേവനങ്ങള് നടത്തിവരികയായിരുന്നു അദ്ദേഹം. തിടനാട്, ഇലഞ്ഞി, കാഞ്ഞിരമറ്റം, രാമപുരം എന്നിവിടങ്ങളില്‍ സഹവികാരിയായും അടിവാരത്ത് വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പാല രൂപതാധ്യക്ഷനും അല്‍ഫോന്‍സാ കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോളജ് മാനേജര്‍ പ്രോട്ടോസിഞ്ചെല്ലുസ് റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ഷാജി ജോണ്‍ എന്നിവര്‍ അനുശോചിച്ചു.
അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്നു രാവിലെ എട്ടിന് മേവടയിലുള്ള സഹോദരന് ഐസക്കിന്റെ വസതിയില്‍ എത്തിക്കും. തുടര്‍ന്ന് 9.30 മുതല്‍ പത്തു വരെ പാലാ അല്‍ഫോന്‍സാ കോളജിലും 10.30 മുതല്‍ 11 വരെ കരൂര്‍ ദേവാലയത്തിലും പൊതുദര്‍ശനത്തിന് എത്തിക്കും. തുടര്‍ന്ന് കുറവിലങ്ങാട്ട് എത്തിക്കും.