ജോലിവിവാദം: സതിയമ്മയ്ക്കെതിരേ പരാതിയുമായി ലിജിമോൾ
1331111
Thursday, August 24, 2023 7:09 AM IST
കോട്ടയം: പുതുപ്പള്ളി കൈതേപ്പാലം വെറ്ററിനറി ആശുപത്രി താത്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടെന്ന വിവാദത്തില്‍ അയല്‍വാസിയായ കെ.സി. ലിജിമോള്‍ ജില്ലാ പോലീസ് ചീഫിനു പരാതി നല്കി. തന്റെ പേരില്‍ സതിയമ്മ വ്യാജരേഖ ചമച്ചു ജോലി നേടിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ലിജിമോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഹാജര്‍പുസ്തകത്തില്‍ ലിജിമോളുടെ പേരാണുണ്ടായിരുന്നതെന്നും അവര്‍ക്കു പകരം സതി ജോലി ചെയ്തതായി പരിശോധനയില്‍ തെളിഞ്ഞെന്നും തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നെന്നുമാണ് വകുപ്പിന്റെ വിശദീകരണം. തന്റെ പേരില്‍ മറ്റൊരാള്‍ ജോലി ചെയ്തത് അറിഞ്ഞില്ലെന്നു ലിജിമോള്‍ പ്രതികരിച്ചു. മുമ്പ് ഐശ്വര്യ കുടുംബശ്രീ അംഗമായിരുന്നെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി അതില്‍ പ്രവര്‍ത്തിക്കുന്നില്ല. മാധ്യമങ്ങളിലൂടെയാണ് സതിയമ്മ ശമ്പളം വാങ്ങിയെന്നറിയുന്നത്. തന്റെ പേരില്‍ ജോലി ഉണ്ടായിരുവെന്ന് അറിഞ്ഞതും ഇപ്പോഴാണ്.
നടപടി വേണമെന്ന്
എന്നാല്‍, തന്നെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതായി ഐശ്വര്യ കുടുംബശ്രീ ഭാരവാഹികള്‍ കത്ത് നല്‍കിയെന്നും അതനുസരിച്ച് താന്‍ 8,000 രൂപ കൈപ്പറ്റുന്നതായി രേഖ ഉണ്ടാക്കിയെന്നുമാണ് അറിയുന്നത്. മുന്‍പ് കുടുംബശ്രീ സെക്രട്ടറിയായിരുന്നു. ആ സമയത്ത് ഉണ്ടായിരുന്ന അക്കൗണ്ടിലേക്കാണോ പണം വരുന്നതെന്ന് അറിയില്ല. തന്റെ പേരില്‍ വ്യാജരേഖ ചമച്ചു സര്‍ക്കാര്‍ പണം അപഹരിച്ചതിന് ഐശ്വര്യ കുടുംബശ്രീ ഭാരവാഹികള്‍, അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ബിനുമോന്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ലിജിമോള്‍ ആവശ്യപ്പെട്ടു.
പൊട്ടിക്കരഞ്ഞ് സതിയമ്മ
അതേസമയം, പരാതിയെക്കുറിച്ച് അറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ ഈ വിധം പ്രശ്നങ്ങളില്‍ എത്തിച്ചെന്നു പറഞ്ഞു സതിയമ്മ പൊട്ടിക്കരഞ്ഞു. താനും ലിജിമോളും ഐശ്വര്യ കുടുംബശ്രീയിലെ അംഗങ്ങളാണ്. ആറു മാസം വീതം ഊഴംവച്ചാണ് ജോലി. ആരോഗ്യപ്രശ്നങ്ങളുള്ള ലിജിമോള്‍ തന്റെ വീട്ടിലെ അവസ്ഥ മനസിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നെന്നും സതിയമ്മ പറഞ്ഞു.
ഇതിനിടെ സതിയമ്മയ്ക്കു ജോലി വാഗ്ദാനവുമായി പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ജിജി അഞ്ചാനി. ജോലി ലഭിക്കുന്നതുവരെ സതിയമ്മയ്ക്കു മാസം 8,000 രൂപ വീതം നൽകാൻ തയാറാണെന്ന വാഗ്ദാനവുമായി ഒരു വിദേശ മലയാളിയും രംഗത്തെത്തിയതായി പറയുന്നു.