പി.എ. നായരുടെ വഴിപ്രശ്നം പരിഹരിക്കാൻ 18ന് ചർച്ച
1453605
Sunday, September 15, 2024 6:37 AM IST
എളേരിത്തട്ട്: ഇ.കെ. നായനാർ സ്മാരക ഗവ. കോളജിന് സൗജന്യമായി ഭൂമി നല്കിയ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി.എ. നായരുടെ ബാക്കി സ്ഥലത്തേക്കുള്ള വഴി കോളജ് അധികൃതർ തന്നെ തടസപ്പെടുത്തിയ പ്രശ്നം പരിഹരിക്കാൻ മന്ത്രി ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ 18 ന് തിരുവനന്തപുരത്ത് ഉന്നതതല ചർച്ച നടത്താൻ തീരുമാനം.
എംഎൽഎമാരായ ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ എന്നിവരും കോളജ് വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പി.എ. നായരുടെ കുടുംബാംഗങ്ങളും ചർച്ചയിൽ പങ്കെടുക്കും. 84 കാരനായ പി.എ. നായർക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ അദ്ദേഹം നേരിട്ട് ചർച്ചയിൽ പങ്കെടുക്കാനിടയില്ല.
കയ്യൂർ ക്ലായിക്കോട്ടെ കുടുംബവീട്ടിലാണ് പി.എ. നായർ ഇപ്പോൾ താമസിക്കുന്നത്. എളേരിത്തട്ടിലെ സ്ഥലത്ത് സ്വന്തമായി വീട് നിർമിക്കാൻ വർഷങ്ങൾക്കു മുമ്പ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥലത്തേക്കുള്ള വഴി കോളജ് അധികൃതർ മതിൽകെട്ടി അടച്ചതോടെ വീടുപണി നിലച്ചു. വീടിനായി നിർമിച്ച തറയും അയ്യായിരത്തോളം കല്ലുകളും 10 ലോഡ് മണലും ഇവിടെ കാടുമൂടിക്കിടക്കുകയാണ്. കോളജിന് മുന്നിലുള്ള റോഡിൽ നിന്ന് 100 മീറ്റർ ദൂരമാണ് ഈ സ്ഥലത്തേക്കുള്ളത്.
എന്നാൽ മനുഷ്യാവകാശ കമ്മീഷനും കോളജ് വികസനസമിതിയും അനുകൂല നിലപാടെടുത്തിട്ടും 50 മീറ്റർ നീളത്തിൽ മാത്രമേ വഴി അനുവദിക്കാനാകൂ എന്ന നിലപാടാണ് റവന്യൂ അധികൃതർ സ്വീകരിച്ചത്. ഉന്നതതല ചർച്ചയുടെ അടിസ്ഥാനത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പിൽ നിന്നുകൂടി അനുകൂല നിലപാടുണ്ടായാൽ 100 മീറ്റർ നീളത്തിൽ തന്നെ വഴി നല്കി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.