അദൃശ്യകരങ്ങളാൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ റെയിവേ യാത്രികൻ
1490219
Friday, December 27, 2024 5:17 AM IST
കണ്ണൂർ: അദൃശ്യകരങ്ങളിൽ ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ റെയിൽവേ യാത്രക്കാരൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയ തൃക്കരിപ്പൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പളനി സ്വാമിയുടെ മകൻ കെ. രമേശ് (55) ആണ് മരണത്തിൽ നിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു കയറിയത്. അപകടത്തിൽപ്പെട്ട രമേശിനെ ആർപിഎഫ് കോൺസ്റ്റബിളും റെയിൽവേ പോലീസും നാട്ടുകാരനും ചേർന്ന് സാഹസികമായാണ് രക്ഷപ്പെടുത്തിയത്.
ഇക്കഴിഞ്ഞ 17ന് വൈകുന്നേരം 6.30ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കണ്ണൂരിലെ ജോലി കഴിഞ്ഞ് ചെറുവത്തൂരിലെ താമസസ്ഥലത്തേക്ക് തിരിക്കാൻ പരശുറാം എക്സ്പ്രസിൽ ചാടിക്കയറുന്നതിനിടെ കാൽ വഴുതി രമേഷ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽ വീഴുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾ പുരുഷോത്തമൻ ഓടുന്ന ട്രെയിനിലേക്കു കയറരുതെന്ന് രമേഷിനോടു പറഞ്ഞെങ്കിലും വകവയ്ക്കാതെ ഇയാൾ ചാടിക്കയറുകയായിരുന്നു. ഇതിനിടയിൽ താഴേക്കു പതിച്ച രമേശിനെ ഏറെ സാഹസികമായി പുരുഷോത്തമൻ കൈകൊണ്ട് താങ്ങിയിരുന്നു. ഇതിനിടെ ഓടിയെത്തിയ റെയിൽവേ പോലീസിലെ ലഗേഷും അവിടെയുണ്ടായിരുന്ന നാട്ടുകാരനും ചേർന്ന് ഇയാളെ പ്ലാറ്റ്ഫോമിലേക്ക് എടുത്ത് ഉയർത്തുകയായിരുന്നു.
ആയുസിന്റെ ബലം കൊണ്ടു മാത്രമാണ് രമേശ് രക്ഷപ്പെട്ടത്. അടുത്ത ദിവസങ്ങളിലായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇത്തരം നിരവധി സംഭവങ്ങൾ റിപ്പോർട്ടു ചെയ്തെങ്കിലും യാത്രക്കാർ ഇതുകൊണ്ടൊന്നും പഠിക്കുന്നില്ലെന്നാണ് തുടർന്നുണ്ടാകുന്ന സംഭവങ്ങൾ തെളിയിക്കുന്നത്.