എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ തിരുനാൾ ഇന്നാരംഭിക്കും
1490218
Friday, December 27, 2024 5:17 AM IST
എടൂർ: എടൂർ സെന്റ് മേരീസ് ഫൊറോന ആർക്കി എപ്പിസ്കോപ്പിൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് ഇന്ന് തുടക്കമാവും. വൈകുന്നേരം നാലിന് നടക്കുന്ന തിരുനാൾ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായി ദിവ്യബലി എന്നിവയ്ക്ക് ഇടവക വികാരി ഫാ. തോമസ് വടക്കേമുറിയിൽ കാർമികത്വം വഹിക്കും.
28ന് രാവിലെ ഒൻപതിന് തിരുപ്പട്ട സ്വീകരണം ദിവ്യബലി എന്നിവയ്ക്ക് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി കാർമിത്വം വഹിക്കും. തിരുനാൾ ദിവസങ്ങളായ 28 മുതൽ ജനുവരി നാലുവരെ വൈകുന്നേരം നാലിന് നടത്തുന്ന ജപമാല ദിവ്യബലി എന്നിവയ്ക്ക് റാഞ്ചി കോൺസ്റ്റന്റ് ലിവൻസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഫാ. സാജു പേക്കാടൻകുഴിയിൽ, തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സിബി പാലക്കുഴി, പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി ആർച്ച് പ്രീസ്റ്റ് ഫാ. ഷാജി തെക്കേമുറിയിൽ, കരിക്കോട്ടക്കരി സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ, സിഎസ്എസ്ആർ എടൂർ അൽഫോൻസാ ഭവനിലെ ഫാ. ഷിബിൻ പാപ്പച്ചൻ, വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ പള്ളി അസി. വികാരി ഫാ. അമൽ മുഞ്ഞനാട്ട്, നവവൈദികൻ ഫാ. ആശിഷ് മുണ്ടംകുന്നേൽ, പഞ്ചാബ് മിഷൻ പാട്യാല റീജണൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളി എന്നിവർ കാർമികത്വം വഹിക്കും. പ്രധാന തിരുനാൾ ദിനമായ ജനുവരി നാലിന് വൈകുന്നേരം 6.30ന് ടൗൺ ചുറ്റിയുള്ള വിശ്വാസ പ്രഘോഷണ റാലിയും സമാപന ആശിർവാദവും.
തിരുനാൾ സമാപന ദിവസമായ അഞ്ചിന് രാവിലെ 9.30 ന് നടക്കുന്ന ദിവ്യബലിക്ക് തലശേരി അതിരൂപത ഫിനാൻസ് ഓഫീസർ റവ. ഡോ. ജോജി കാക്കരമറ്റം കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, സമാപാന ആശിർവാദം, സ്നേഹവിരുന്ന് എന്നിവ നടക്കും. തിരുനാൾ ദിവസങ്ങളായ മൂന്നിന് രാത്രി കോഴിക്കോട് രസികയുടെ മെഗാഷോ, അഞ്ചിന് രാത്രി ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാനൊരു ചിറക് എന്നിവ അരങ്ങേറും.