ദേശീയ സെപക്താക്രോ: കരുത്തുകാട്ടി മണിപ്പുരും കേരളവും
1490220
Friday, December 27, 2024 5:17 AM IST
തൃക്കരിപ്പൂര്‍: ദേശീയ സബ്ജൂണിയര്‍ സെപക്താക്രോ ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുകാട്ടി മണിപ്പൂരും കേരളവും.15 പേര് പങ്കെടുക്കുന്ന ഗ്ലാമര്‍ ഇനമായ ടീം ഇവന്റില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കരുത്തരായ മണിപ്പൂരാണ് ജേതാക്കള്‍. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഉത്തർപ്രദേശും കേരളവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളവും മഹാരാഷ്ട്രയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പെണ്‍കുട്ടികളുടെ രഗു ഇവന്റിലും ഡബിള്‍സ് ഇവന്റിലും കേരളം ജേതാക്കളായി. ആണ്‍കുട്ടികളുടെ രഗു ഇവന്റില്‍ മണിപ്പൂര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ബിഹാര്‍ രണ്ടാമതും ഡല്‍ഹിയും ഉത്തര്‍പ്രദേശും മൂന്നാമതുമെത്തി. ക്വാഡ് ഇവന്റില്‍ മണിപ്പൂര്‍ സ്വര്‍ണമണിഞ്ഞു. അസം വെള്ളിയും ബീഹാറും മഹാരാഷ്ട്രയും വെങ്കലവും നേടി. ആണ്‍കുട്ടികളുടെ ഡബിള്‍ ഇവന്റില്‍ കേരളം സ്വര്‍ണം നേടി. മഹാരാഷ്ട്ര വെള്ളിയും കര്‍ണാടക വെങ്കലവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ടീം ഇവന്റില്‍ മണിപ്പൂരാണ് ജേതാക്കള്‍. കേരളം രണ്ടും മഹാരാഷ്ട്ര മൂന്നും സ്ഥാനങ്ങള്‍ നേടി. രഗുവില് കേരളം സ്വര്‍ണവും മണിപ്പൂര്‍ വെള്ളിയും അസമും മഹാരാഷ്ട്രയും വെങ്കലവും നേടി.
ക്വാഡ് ഈവന്റില്‍ അസം ജേതാക്കളായി. മണിപ്പുര്‍ രണ്ടാംസ്ഥാനവും കേരളവും മഹാരാഷ്ട്രയും മൂന്നാംസ്ഥാനവും നേടി. ഡബിള്‍സില്‍ കേരളം സ്വര്‍ണം നേടിയപ്പോള്‍ നാഗാലാന്‍ഡ് വെള്ളിയും ഗുജറാത്ത് വെങ്കലവും സ്വന്തമാക്കി.
തൃക്കരിപ്പൂര്‍ ജിവിഎച്ച്എസ്എസ് മിനി സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിന്റെ സമാപനസമ്മേളനത്തില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അധ്യക്ഷതവഹിച്ചു. സി.സുനില്‍കുമാര്‍, വി.പി.പി.മുസ്തഫ, കെ.വി.ബാബു, വീരഗൗഡ, കെ.മധുസൂദനന്, വി.പി.യു.മുഹമ്മദ്, ഇ.കെ.ബൈജ, എം.രജീഷ് ബാബു, എം.വി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.