പേരാവൂരിന്റെ മനസിലും മായാതെ എം.ടി
1490223
Friday, December 27, 2024 5:17 AM IST
പേരാവൂർ: പേരാവൂരിന്റെ മനസിലുമുണ്ട് ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ഓർമകൾ. 2003 ജനുവരി എട്ടിന് പേരാവൂർ സെന്റ് ജോസഫ് ഹൈ സ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തിയത് എം.ടിയായിരുന്നു. അന്നത്തെ നിയമസഭാ സ്പീക്കർ വക്കം പുരുഷോത്തമനായിരുന്നു ഉദ്ഘാടകൻ.
തലശേരി അതിരൂപത ആർച്ച്ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റം, യവനിക ഗോപാലകൃഷ്ണൻ, പൂർവ വിദ്യാർഥിയും മുൻ മന്ത്രിയുമായ എ.സി.ഷൺമുഖദാസ് തുടങ്ങിയവർക്കൊപ്പമായിരുന്നു എംടി വേദിയിൽ.
വായിച്ചും കേട്ടും മാത്രം അറിവുള്ള സാഹിത്യകുലപതിയെ നേരിട്ടുകാണാൻ മലയോരത്തിന്റ വിവിധ ഭാഗങ്ങളിൽനിന്ന് ആരാധകരെത്തി. സാഹിത്യവും സമകാലിക സംഭവങ്ങളും അനുഭവങ്ങളും ഇഴചേർത്ത് സ്വതസിദ്ധമായ ശൈലിയിലായിരുന്നു എംടിയും പ്രഭാഷണം.
കുടിയേറ്റ മേഖലയിലെ ആദ്യ ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിന് പ്രശസ്തനായ സാഹിത്യകാരന്റെ സാന്നിധ്യമുണ്ടാകണമെന്ന ആഗ്രഹമാണ് സ്കൂൾ അധികൃതരെ എം.ടിയിലേക്ക് എത്തിച്ചത്.
സ്കൂളിലെ ഒരു അധ്യാപികയുടെ ബന്ധുവായ സുപ്രീംകോടതി അഭിഭാഷകൻ മുഖേനയാണ് എം.ടിയെ ബന്ധപ്പെട്ടത്.