എം.ടി തിരിതെളിച്ച മലയാളഭാഷാ പാഠശാല
1490222
Friday, December 27, 2024 5:17 AM IST
പയ്യന്നൂര്‍: എം.ടി.വാസുദേവന്‍ നായര്‍ വിടവാങ്ങുമ്പോള്‍ ഉള്ളുലയുന്ന വേദനയുമായി ഓർമകൾ പങ്കുവയ്ക്കുകയാണ് ആത്മസുഹൃത്തും മലയാള പാഠശാലാ ഡയറക്ടറുമായ പയ്യന്നൂരിലെ ടി.പി.ഭാസ്കര പൊതുവാള്. 1966ല്‍ കോഴിക്കോട് ഭാഷാധ്യാപക പരിശീലനം നടത്തിവന്ന അവസരത്തില്‍ പരിചയപ്പെട്ടതു മുതല്‍ എല്ലാ കാര്യങ്ങൾക്കും എംടിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പി.ടി. ഭാസ്കര പൊതുവാൾ ഓർക്കുന്നു. നിരവധി തവണ എംടിയുടെ വീട്ടില്‍ പോയിട്ടുണ്ട്.
മാസത്തിലൊരു തവണയെങ്കിലും അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടാറുണ്ട്. രണ്ടായിരത്തില്‍ സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ മനസില്‍ തിരയടിച്ചുയര്ന്ന ആശയമായിരുന്നു സ്വന്തം വീട് മലയാളത്തിന്റെ പാഠശാലയാക്കി മാറ്റുകയെന്നത്. ഇക്കാര്യവും എംടിയുമായി ചര്‍ച്ച ചെയ്തപ്പോള്‍ ലഭിച്ച പ്രോത്സാഹനമാണ് 23 വര്‍ഷമായി പ്രവര്‍ത്തനം തുടരുന്ന മലയാള ഭാഷാ പാഠശാലയുടെ ജനനത്തിനു പിന്നിൽ.
2002ല്‍ കണ്ണൂര്‍ താവക്കരയില്‍ പാഠശാലയുടെ ഉദ്ഘാടനം എഴുതിരിയിട്ട വിളക്ക് തെളിച്ച് നിര്‍വഹിച്ചതും എംടിയായിരുന്നു. 2003ല്‍ പ്രവര്‍ത്തനം പയ്യന്നൂരിലേക്ക് മാറ്റി. 2005ല്‍ മലയാള ഭാഷാ പാഠശാല എര്‍പ്പെടുത്തിയ ചന്തുമേനോൻ നോവല്‍ പുരസ്കാരം സമ്മാനിച്ചതും എം.ടിക്കായിരുന്നു.
ഇതിനുശേഷം പയ്യന്നൂരിലെത്തിയ എം.ടി.ക്ക് മലയാള ഭാഷാ പാഠശാല ആദരവും നൽകി. എകെപി സ്മാരക സമിതിയേര്പ്പെടുത്തിയ പുരസ്കാരമേറ്റുവാങ്ങാനും അദ്ദേഹമെത്തി.1996 മാര്‍ച്ച് ആറിന് പയ്യന്നൂര്‍ കാപ്പാട് കഴകം പെരുങ്കളിയാട്ടത്തിന്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തതും എംടിയായിരുന്നു.