പ്രസാദം ചാർത്താൻ ഇനി എം.ടിയില്ല; ഓർമകളുമായി "ഇരിട്ടി നന്പ്യാർ'
1490221
Friday, December 27, 2024 5:17 AM IST
ബിജു പാരിക്കാപള്ളി
ഇരിട്ടി: എം.ടി എന്ന എഴുത്തുകാരൻ കുട്ട്യപ്പ നമ്പ്യാർക്ക് ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. എം.ടിയുടെ ദീർഘായുസിന് വേണ്ടി ദൈവങ്ങൾക്ക് മുന്നിൽ വഴിപാടുകൾ കഴിച്ച് പ്രാർഥിച്ചിരുന്ന ഇരിട്ടിക്കടുത്ത് എടക്കാനം റോഡിൽ വള്ള്യാട് ജാനകി സദനത്തിൽ പി.വി.കുട്ട്യപ്പനമ്പ്യാർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയാത്ത വാർത്തയാണ് അദ്ദേഹത്തിന്റെ വേർപാട്. അഞ്ച് പതിറ്റാണ്ടായി തുടരുന്ന ബന്ധത്തിന് രക്തബന്ധത്തേക്കാൾ സിരകളിൽ ഒഴുകിയിരുന്നത് അക്ഷരങ്ങളുടെ ആത്മബന്ധമായിരുന്നു. എംടി എന്ന എഴുത്തുകാരന്റെ ആയുരാരോഗ്യത്തിനു വേണ്ടി തനിക്കറിയുന്ന ക്ഷേത്രങ്ങളിലെ ദൈവങ്ങൾക്ക് മുന്നിൽ വഴിപാട് നേർന്ന് പ്രസാദവുമായി എത്തുന്ന "ഇരിട്ടി നമ്പ്യാർ'ക്ക് മുന്നിൽ പ്രിയപ്പെട്ട എഴുത്തുകാരൻ ഇനിയില്ല. 50 വർഷമായി ഓരോ ജന്മദിനത്തിലും എം.ടിയുടെ കോഴിക്കോട്ടെ വീട്ടിലെത്തി കൈയിൽ കരുതിയ പ്രസാദം നെറ്റിയിൽ തൊടുവിച്ച് കാൽതൊട്ടു വണങ്ങിയ ശേഷമേ പി.വി. കുട്ട്യപ്പ നമ്പ്യാർ മടങ്ങാറുള്ളൂ.
വായനയുടെ ലോകത്തിൽ നിന്ന് അക്ഷരങ്ങളിലൂടെ പരിചയപ്പെട്ട എംടിയെ ആദ്യം നേരിൽ കാണുന്നത് 1975ലായിരുന്നു. കോഴിക്കോട്ടെ വീട്ടിലെത്തി അദ്ദേഹത്തെ ആദ്യം കാണുമ്പോഴും പ്രസാദം കൈയിൽ കരുതിയിരുന്നു. എംടിയുടെ ഓരോ ജന്മദിനത്തിലും പതിവുതെറ്റിക്കാതെ അദ്ദേഹം എടൂർ മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം, കീഴൂർ വൈരീഘാതകൻ ക്ഷേത്രം, ശ്രീമഹാദേവ ക്ഷേത്രം, കീഴൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ പ്രത്യേക പൂജകർമങ്ങളും പുഷ്പാഞ്ജലിയും വഴിപാടായി നേർന്ന് പ്രസാദവുമായി കോഴിക്കോട് കോട്ടാരം റോഡിലെ എം.ടിയുടെ സിതാരയിൽ എത്തുന്നത്. പകരമായി എം.ടി കുട്ട്യപ്പ നമ്പ്യാർക്ക് നൽകിയത് "ഇരിട്ടി നമ്പ്യാർ' എന്ന ഹൃദയത്തിൽ നിന്നുള്ള വിളിയായിരുന്നു.
എല്ലാ പിറന്നാൾ ദിനത്തിലും എം.ടിക്കൊപ്പം സദ്യയുണ്ണുന്ന വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു ഇരിട്ടി നമ്പ്യാർ. കോവിഡ് കാലം ഒഴികെ എം.ടിയുടെ പിറന്നാൾ ദിനത്തിൽ മുടക്കമില്ലാതെ ഇരിട്ടി നമ്പ്യാർ കോഴിക്കോട് എത്തിയിരുന്നു.