ഗുഡ്സ് വാഗൺ നിർമാണത്തിലും റെയിൽവേയ്ക്ക് റിക്കാർഡ്
Sunday, April 6, 2025 12:40 AM IST
എസ് ആർ. സുധീർ കുമാർ
കൊല്ലം: ചരക്ക് വാഗൺ നിർമാണത്തിലും റെയിൽവേയ്ക്ക് സർവകാല റിക്കാർഡ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 2024-25 സാമ്പത്തിക വർഷത്തിൽ 41, 929 വാഗൺ യൂണിറ്റുകളാണ് രാജ്യത്ത് നിർമിച്ചത്. ഇത് റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആകെ വാഗൺ ഉത്പാദനം 1,02, 369 യൂണിറ്റിലെത്തി. ഇത് റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷിയിൽ കുതിച്ചുചാട്ടത്തിന് കാരണമായതായും റെയിൽവേ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2023 - 24 സാമ്പത്തിക വർഷത്തിൽ 37, 650 വാഗണുകളാണ് ഉത്പാദിപ്പിച്ചത്. 2004-2014 കാലയളവിൽ ഉത്പാദിപ്പിച്ച വാഗണുകളുടെ വാർഷിക ശരാശരി എണ്ണം 13, 262 ആണ്.
ഈ വർഷം എത്തിയപ്പോൾ പ്രസ്തുത ശരാശരിയേക്കാൾ 11 ശതമാനം വളർച്ചയും മൂന്നിരട്ടി വർധനയും ഉണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2014 -2024 കാലയളവിലെ ശരാശരി വാഗൺ ഉത്പാദനം 15,875 ആയിരുന്നു.
2022-23 സാമ്പത്തിക വർഷത്തിൽ 22,790 വാഗണുകളും നിർമിച്ചു. വാഗണുകളുടെ വളർച്ചാ നിരക്ക് ചരക്ക് ഗതാഗതത്തിലെ തടസങ്ങൾ കുറച്ച് ചരക്ക് നീക്കത്തിലെ കാര്യക്ഷമത വർധിപ്പിക്കുമെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
വാഗണുകളുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുക വഴി വ്യാപാര മത്സരക്ഷമത മെച്ചെപ്പെടുത്തുകയും ഇതിലൂടെ വരുമാന വർധനയും റെയിൽവേ ലക്ഷ്യമിടുന്നു.