വൈദികർക്കുനേരേയുണ്ടായ ആക്രമണം പൊറുക്കാനാകില്ല: മന്ത്രി കെ. രാജൻ
Sunday, April 6, 2025 12:40 AM IST
കുട്ടനെല്ലൂർ (തൃശൂർ): ജബൽപുർ വികാരി ജനറാൾ റവ.ഡോ. ഡേവിസ് ജോർജ്, രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് തോമസ് എന്നിവർക്കുനേരേയുണ്ടായ ആക്രമണം ഒരുതരത്തിലും പൊറുക്കാനാകില്ലെന്നു റവന്യു മന്ത്രി കെ. രാജൻ.
ആക്രമണത്തിനിരയായ റവ.ഡോ. ഡേവിസ് ജോർജിന്റെ സഹോദരൻ ജോബി തേറാട്ടിലിന്റെ കുട്ടനെല്ലൂരിലെ വീടു സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
മതന്യൂനപക്ഷങ്ങളുടെ വിശ്വാസസംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്കു പോകാൻ ചുമതലപ്പെട്ടവർ അനുഭവിക്കുന്ന ഭീകരത ചെറുതല്ല.
കേവലം മതപ്രചാരണം മാത്രമല്ല, സ്കൂളുകൾ, കോളജുകൾ ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് അവിടത്തെ ആളുകളുടെ വിഭ്യാഭ്യാസപരവും സാംസ്കാരികവുമായ വളർച്ച ലക്ഷ്യമിട്ടു പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ആക്രമണത്തിനിരയായത്. ഇത്തരം ആക്രമണങ്ങൾ രാജ്യത്ത് അനാവശ്യമായ അരാജകത്വമാണ് സൃഷ്ടിക്കുന്നത്.
ഒരുവർഷത്തിനുളളിൽ എഴുനൂറോളം പള്ളികൾക്കുനേരേയാണ് ആക്രമണങ്ങൾ നടന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് രാജ്യത്തു നടക്കുന്നത്. ജബൽപുർ സംഭവത്തിൽ സർക്കാരിന്റെ എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. സംഭവം ഉണ്ടായപ്പോൾതന്നെ അവിടത്തെ സർക്കാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നുവെന്നു മന്ത്രി പറഞ്ഞു.
അച്ചന്റെ സഹോദരന്റെ മൊബൈൽ ഫോണിൽനിന്നു വീഡിയോ കോളിലൂടെ മന്ത്രി റവ.ഡോ. ഡേവിസ് ജോർജുമായി സംസാരിച്ചു. എല്ലാ മലയാളികളുടെയും പിന്തുണയ്ക്കും പ്രാർഥനകൾക്കും ഫാ. ഡേവിസ് ജോർജ് നന്ദി അറിയിച്ചതായി മന്ത്രി പറഞ്ഞു.
നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അച്ചന്റെ സഹോദരൻ ജോബി തേറാട്ടിൽ പറഞ്ഞു.കണ്ടാലറിയാവുന്ന 35 ഓളം അക്രമികൾക്കെതിരേ കേസെടുത്തതായാണ് വിവരം. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും ജോബി പറഞ്ഞു. പി. ബാലചന്ദ്രൻ എംഎൽഎ, കൗൺസിലർ ശ്യാമള വേണുഗോപാൽ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
എഴുപത്തഞ്ചുകാരനായ റവ.ഡോ. ഡേവിസ് ജോർജ് കഴിഞ്ഞ നാല്പതുവർഷത്തിലധികമായി മിഷൻ പ്രവർത്തനവുമായി ജബൽപുരിലാണ്. കഴിഞ്ഞ ജനുവരിയിലാണ് നാട്ടിൽ അവധിക്കെത്തി മടങ്ങിയത്.