തസ് ലീമക്ക് സിനിമാതാരങ്ങളുമായി പെൺവാണിഭ ഇടപാടും
Sunday, April 6, 2025 2:46 AM IST
ആലപ്പുഴ: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍. ലഹരിക്കു പുറമേ സിനിമതാരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി.
പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചുനല്‍കി. ലഹരിക്കു പുറമേ പെണ്‍കുട്ടിയെ എത്തിച്ചു നല്‍കിയതിനും തെളിവുകള്‍ ലഭിച്ചു.
കേസിലെ ഒന്നാം പ്രതി സുല്‍ത്താനയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതിലെ പ്രാഥമിക വിവരങ്ങളാണ് പുറത്തുവരുന്നത്. ലഹരി ഇടപാടുകള്‍ക്കു പുറമേ സിനിമാ മേഖലയിലെ ഉന്നതരുമായി പെണ്‍വാണിഭത്തിന് ഇടനിലക്കാരിയായി തസ്ലീമ പ്രവര്‍ത്തിച്ചു. ഒരു പ്രമുഖ താരത്തിന് മോഡലിന്റെ ചിത്രം അയച്ചു നല്കി വില പറഞ്ഞതിന്റെ തെളിവുകളും എക്സൈസിന് ലഭിച്ചു.
കേസില്‍ എക്സൈസിന്റെ ഇന്റലിജന്‍സ് വിഭാഗം പ്രത്യേക അന്വേഷണം ആരംഭിച്ചു. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ലന്ഡില്നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകള്‍ മറികടന്ന് കഞ്ചാവ് എങ്ങനെ ഇന്ത്യയിലെത്തിച്ചുവെന്നും വിദേശത്തേക്കു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണ് ഇന്റലിജന്‍സ് വിഭാഗം പരിശോധിക്കുന്നത്.
രാജ്യമെങ്ങും വ്യാപിപ്പിച്ചുകിടക്കുന്ന വിപുലമായ വിതരണ ശൃംഖല ഹൈബ്രിഡ് കഞ്ചാവ് സംഘത്തിനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായ തസ്ലീമയും ഫിറോസും നിലവില്‍ റിമാന്‍ഡിലാണ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകളും വിവരങ്ങളും ശേഖരിച്ച ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനാണ് എക്സൈസിന്റെ നീക്കം.
തസ്ലീമ കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് എടുത്തത് എറണാകുളത്തുനിന്നാണെന്നും എക്സൈസ് കണ്ടെത്തിയിരുന്നു. പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്നാണ് വിവരം.
ആറുകിലോ പുഷ് കിട്ടിയെന്ന തസ്ലീമ സുല്‍ത്താന പറയുന്ന ചാറ്റ് വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്കിടയിലെ ഹൈബ്രിഡ് കഞ്ചാവിന്റെ പേരാണ് പുഷ്.
ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
വാടകയ്ക്കെടുത്ത വാഹനത്തില്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളതിനാല്‍ എവിടെയെല്ലാം ഇവര്‍ സഞ്ചരിച്ചിട്ടുണ്ട്, എത്ര സമയം ചെലവഴിച്ചു തുടങ്ങിയ വിവരങ്ങളും ഉടന്‍ എക്സൈസിന് ലഭിക്കും.
ഇതിലൂടെ മറ്റു പ്രതികളിലേക്ക് എത്താം എന്നാണ് എക്സൈസ് കണക്കുകൂട്ടുന്നത്. കേസില്‍ തസ്ലീമയുടെ കൂട്ടാളി ഫിറോസിനെയും പോലീസ് പിടികൂടിയിരുന്നു.