രാജ്യത്തുടനീളം ക്രൈസ്തവർക്കു നേരേ സംഘപരിവാർ ആക്രമണം: വി.ഡി. സതീശൻ
Monday, April 7, 2025 3:23 AM IST
കുട്ടനെല്ലൂർ (തൃശൂർ): രാജ്യത്തുടനീളം ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരേ ആക്രമണങ്ങൾ തുടരുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ജബൽപുരിൽ ആക്രമണത്തിനിരയായ ഫാ. ഡേവിസ് ജോർജിന്റെ സഹോദരൻ ജോബിയുടെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിന്റെ പിന്തുണയോടെയാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഫാ. ഡേവിസ് ഉൾപ്പെടെയുള്ളവർ ജബൽപുരിൽ ആക്രമിക്കപ്പെട്ടത്. ഇതേസംഭവംതന്നെയാണ് ഒഡീഷയിലും നടന്നത്. ഒഡീഷയിൽ പോലീസാണു പള്ളിയിൽ കയറി വികാരിയെയും സഹവികാരിയെയും ആക്രമിച്ചത്. രാജ്യത്തു നിരവധി വൈദികരാണു ജയിലിൽ കഴിയുന്നത്.
പരാതിയുമായി ചെന്നാൽ മതപരിവർത്തനവിരുദ്ധനിയമം ഉപയോഗപ്പെടുത്തി ക്രൈസ്തവരെ ജയിലിൽ അടയ്ക്കുകയാണ്. ഞായറാഴ്ചകളിലെ ആരാധനകൾപോലും നടക്കുന്നില്ല. ഇതിനു പുറമേയാണു ബ്രിട്ടീഷുകാർ പാട്ടമായി നൽകി ക്രൈസ്തവരുടെ പക്കലുള്ള ഏഴു കോടി ഹെക്ടർ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ലേഖനമെഴുതിയത്.
വഖഫ് ബിൽ വന്നതുപോലെ ചർച്ച് ബിൽ വരുമെന്നു കോണ്‍ഗ്രസും യുഡിഎഫും മുന്നറിയിപ്പുനൽകിയിരുന്നതാണ്. ന്യൂനപക്ഷങ്ങൾക്കു ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് വഖഫ് ബിൽ. ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ച് ഒരു ന്യൂനപക്ഷ സമുദായത്തെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന നിലപാടാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും സ്വീകരിച്ചത്. ആ നിലപാടുമായി മുന്നോട്ടു പോകും.
ആക്രമണത്തിനിരയായ ഡേവിസ് അച്ചനും കുടുംബത്തിനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എംഎൽഎ എം.പി. വിൻസെന്റ്, ടി.ജി. സനീഷ്കുമാർ ജോസഫ് എംഎൽഎ, മുൻ മേയർ ഐ.പി. പോൾ, കോർപറേഷൻ പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ, അഡ്വ. ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പ്രതിപക്ഷനേതാവിനൊപ്പം ഉണ്ടായിരുന്നു.