കാര്‍- ടി സെല്‍ തെറാപ്പി കാന്‍സര്‍ ചികിത്സയിലെ നാഴികക്കല്ല്: ഡോ. ദിവ്യ എസ്. അയ്യർ
Monday, April 7, 2025 2:15 AM IST
കൊച്ചി : വൈദ്യശാസ്ത്ര രംഗത്തുണ്ടാകുന്ന ആധുനിക ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാക്കണമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍.
കാന്‍സറിനെതിരേയുള്ള ആധുനിക ചികിത്സയായ കാര്‍- ടി സെല്‍ തെറാപ്പിയുമായി ബന്ധപ്പെട്ട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി ആൻഡ് ക്ലിനിക്കല്‍ ഹെമറ്റോളജി ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയകാര്- ടി സെല്‍ തെറാപ്പി നാഷണല്‍ കോണ്‍ക്ലേവ് (ക്യുറാ ഇമ്മ്യൂണിസ്) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
ആധുനിക ചികിത്സയായ കാര്‍- ടി സെല്‍ തെറാപ്പി കാന്‍സര്‍ ചികിത്സാരംഗത്തെ നാഴികക്കല്ലാണെന്നും ഡോ. ദിവ്യ പറഞ്ഞു. ആശുപത്രിയിൽ ആരംഭിക്കുന്ന പുതിയ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആൻഡ് കാര്‍-ടി സെല്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനവും അവർ നിര്‍വഹിച്ചു.
എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന കോൺക്ലേവിൽ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.വി. ലൂയിസ് അധ്യക്ഷത വഹിച്ചു. ടെക്സാസ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. സത്വ എസ്. നീലാപ്പ്, മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലിലെ പ്രഫ. ഡോ. നവീന്‍ കത്രി, ഡോ. വരുണ്‍ രാജന്, ഡോ. പി.വി. തോമസ്, ഡോ. ബോബന് തോമസ്, ഡോ. വി. സുദീപ്, ഡോ. തോമസ് കുഞ്ചെറിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.