വെള്ളാപ്പള്ളിക്കെതിരേ ഡിവൈഎഫ്ഐ
Monday, April 7, 2025 2:15 AM IST
തിരുവനന്തപുരം: മലപ്പുറം ജില്ലയെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമർശം ചരിത്രവിരുദ്ധവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
മലപ്പുറം പ്രത്യേക ആളുകളുടെ രാജ്യമാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. മലപ്പുറം എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ഇഎംഎസിന്റെയും കെ. ദാമോരന്റെയും മഹാകവി വള്ളത്തോളിന്റെയും ഇടശേരിയുടെയും പി.എസ്. വാര്യരുടെയും നാടാണ്. ആ നാടിനെ പ്രത്യേക വിഭാഗത്തിന്റേതാണെന്നു ചാപ്പയടിക്കാൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം ആദ്യം ശ്രമിച്ചു.
പിന്നീട് ഹിന്ദുത്വ വർഗീയവാദികളും, മലപ്പുറം ജില്ലാ രൂപീകരണ ഘട്ടത്തിൽ കോണ്‍ഗ്രസും ഈ വാദം പ്രചരിപ്പിച്ചത് മറന്നുകൂടാ. പലമതസാരമേകവാം എന്ന ശ്രീനാരായണ ദർശനത്തിന് കടകവിരുദ്ധമാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും ഡിവൈഎഫ്ഐ പത്രക്കുറിപ്പിൽ അറിയിച്ചു.