ഉത്പാദനച്ചെലവ് കൂടി; ക്ഷീരമേഖല പ്രതിസന്ധിയിൽ
സ്വന്തം ലേഖകൻ
Monday, April 7, 2025 2:44 AM IST
കൊച്ചി: പാൽ ഉത്പാദന ചെലവ് വർധിച്ചതും ക്ഷീരകർഷകർക്കു പാലിന് ന്യായമായ വില ലഭിക്കാത്തതും ക്ഷീരമേഖലയെ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റയ്ക്കും കാലിവളർത്തലിലെ അനുബന്ധ ആവശ്യങ്ങൾക്കും വർധിച്ചുവരുന്ന ചെലവിന് ആനുപാതികമായി വരുമാനം ലഭിക്കാത്തതിനാൽ ക്ഷീരമേഖല ഉപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി.
മിൽമയുടെ പഠനത്തിൽ ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 48.68 രൂപ വേണമെന്നാണു കണക്ക്. എന്നാൽ ഇന്നത്തെ സ്ഥിതിയിൽ ലിറ്ററിന് 65 രൂപയോളം ചെലവ് വരുമെന്ന് ക്ഷീരകർഷകർ പറയുന്നു. കർഷകർക്ക് ക്ഷീരസൊസൈറ്റികളിൽനിന്നു ലിറ്ററിന് ശരാശരി 43 രൂപയാണു ലഭിക്കുന്നത്. സാധാരണക്കാരായ കർഷകർ ഈ രംഗം വിട്ടുപോകാൻ ഇതു കാരണമാകും.
അഞ്ചു വർഷം മുന്‍പ് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.4 രൂപയായിരുന്നു വില. ഇന്നത് 32 രൂപയായി വർധിച്ചു. തീറ്റയുടെ വില വർധിച്ചതിന് ആനുപാതികമായി നൽകുന്ന പാലിന്റെ വിലയിൽ വർധനവുണ്ടായിട്ടില്ലെന്നാണ് കർഷകരുടെ വാദം.
കാലിത്തീറ്റ വില വർധനയ്ക്കു പുറമേ, തൊഴിലാളികളുടെ കൂലിനിരക്ക് ഉയർന്നത്, പുല്ലു കൃഷി ചെയ്യാനുള്ള ഭീമമായ ചെലവ്, കാലാവസ്ഥയിലെ മാറ്റങ്ങൾ മൂലം പുല്ല് കൃഷിക്കുണ്ടാകുന്ന നാശം, വെറ്ററിനറി സേവനങ്ങൾക്കു ചെലവ് കൂടിയത്, വൈദ്യുതി നിരക്കിലെ വർധന, കാലിത്തൊഴുത്തിലേക്ക് ആവശ്യമായ മെഷീനറികളുടെയും സ്പെയർ പാർട്സുകളുടെയും വിലയിലുണ്ടായ വർധന തുടങ്ങിയവയും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഉത്പാദനം കുറഞ്ഞെന്നു മിൽമ
കേരളത്തിലെ പാല് ഉത്പാദനം അനുദിനം കുറയുകയാണെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയൻ ചെയര്മാന് സി.എന്‍. വത്സലന്‍പിള്ള പറഞ്ഞു. ആഭ്യന്തര ഉപഭോഗം നിറവേറ്റാന്‍ മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാലാവസ്ഥാവ്യതിയാനവും കാലികളെ ബാധിക്കുന്ന വിവിധ രോഗങ്ങളും മൂലം ക്ഷീരകര്‍ഷക മേഖല സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദന ചെലവിന് അനുസരിച്ചുള്ള ന്യായമായ വില ലഭിക്കാത്തതുകൊണ്ട് ചെറുകിട നാമമാത്ര കര്‍ഷകരും ഫാം നടത്തുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ക്ഷീരോത്പാദക രംഗത്തുനിന്ന് പിന്മാറുകയാണ്.
ഉത്പാദനച്ചെലവും കൂലിവര്‍ധനവും കണക്കിലെടുത്ത് പാല് വില ലിറ്ററിന് 10 രൂപയെങ്കിലും അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് മേഖല യൂണിയൻ ഭരണസമിതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെയര്മാന് പറഞ്ഞു.
ക്ഷീരകർഷകരുടെ സമരം ഇന്ന്
പാലിന് സംഭരണ വില 70 രൂപയാക്കുക, പാലിന്റെ വില നിശ്ചയിക്കുന്ന ചാർട്ട് പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ക്ഷീരകർഷകരുടെ കൂട്ടായ്മ ഇന്ന് ഇടപ്പള്ളിയിലെ മിൽമ ഓഫീസിനു മുന്പിൽ സമരം ചെയ്യും. ജനങ്ങൾക്ക് ശുദ്ധമായ പാൽ കിട്ടുന്നതിനും കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സർക്കാർ ഇടപെടണമെന്നും കർഷകർ ആവശ്യപ്പെട്ടു.