കത്തോലിക്കാ സഭയുടെ സ്വത്ത് പിടിച്ചെടുക്കൽ: ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ
Monday, April 7, 2025 2:15 AM IST
തിരുവനന്തപുരം: രാജ്യത്തു വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ലേഖനത്തെക്കുറിച്ച് ബിജെപി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആർഎസ്എസിന്റെ നിഗൂഢ അജൻഡ അടിവരയിട്ടു വ്യക്തമാക്കുന്നതാണ് ലേഖനം. ന്യൂനപക്ഷങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കുകയെന്ന ശൈലിക്ക് തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർഎസ്എസും ബിജെപിയും രാജ്യത്തിനു നൽകുന്നത്.
കത്തോലിക്ക സഭയ്ക്ക് സർക്കാർ പാട്ടത്തിന് നൽകിയ സ്ഥലം തിരികെ പിടിക്കണമെന്നാണ് ആർഎസ്എസ് മോദി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുള്ള തിരക്കഥ അണിയറയിൽ ഒരുങ്ങുന്നു. ഓർഗനൈസറിൽ നിന്ന് ലേഖനം മുക്കിയെന്നതു കൊണ്ടു ലക്ഷ്യം ഇല്ലാതാകുന്നില്ല. അപകടകരമായ അവസ്ഥയിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും അ ദ്ദേഹം പറഞ്ഞു.